‘ആകാശത്തും കണ്ണുകൾ’: വ്യോമസേനയ്‌ക്ക്‌ ആറു പുതിയ നിരീക്ഷണവിമാനങ്ങൾ; 11,000 കോടിയുടെ വിമാനപദ്ധതി.

യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ഭൂമിയിലെ റഡാറുകളെക്കാൾ മുൻപെ കണ്ടെത്താൻ ഈ നിരീക്ഷണവിമാനങ്ങൾക്ക് കഴിയും.

ന്യൂഡൽഹി: വ്യോമനിരീക്ഷണം ശക്തമാക്കാനുദ്ദേശിച്ചുകൊണ്ട് ആറു പുതിയ നിരീക്ഷണവിമാനങ്ങൾ സ്വന്തമാക്കാൻ വ്യോമസേനയ്ക്ക് കേന്ദ്രസർക്കാർ അനുമതി. ‘ആകാശത്തും കണ്ണുകൾ’ എന്നപേരിലുള്ള പദ്ധതിക്ക് 11,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതി അംഗീകാരം നൽകി.

പ്രതിരോധഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി ആർ ഡി ഒ) നേതൃത്വത്തിൽ തദ്ദേശീയമായാണ് വിമാനങ്ങൾ സജ്ജമാക്കുക. എയർ ഇന്ത്യയുടെ ശേഖരത്തിലുള്ള എ-321 ജെറ്റ്‍ലൈനർ യാത്രാവിമാനങ്ങളാണ് ഇതിനായി കുറഞ്ഞവിലയ്ക്ക് വാങ്ങുന്നത്. ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ ജാഗ്രത ഉറപ്പാക്കാൻ ഈ വിമാനങ്ങൾ സഹായിക്കുമെന്ന് വ്യോമസേനാവൃത്തങ്ങൾ പറഞ്ഞു.

വ്യോമനിരീക്ഷണരംഗത്ത് പാകിസ്താനും ചൈനയും ഇന്ത്യയെക്കാൾ മുന്നിലായതിനാൽ പുതിയ സംവിധാനങ്ങളോടെയുള്ള വിമാനങ്ങൾ വ്യോമസേനയ്ക്ക് അനിവാര്യമായിരുന്നു. അതിനാണിപ്പോൾ അംഗീകാരമായത്.

ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത എയർബോൺ ഏളി വാണിങ് ആൻഡ് കൺട്രോൾ സംവിധാനം (എയ്‍വക്) ഈ വിമാനങ്ങളിൽ സജ്ജീകരിക്കും. ഇതിനായി എയർബസിന്റെ സഹായത്തോടെ വിമാനങ്ങൾക്ക് ഘടനാപരമായി മാറ്റംവരുത്തും. മുഴുവൻ പ്രവർത്തനങ്ങൾ ഇന്ത്യയിലാണ് നടക്കുക. നാലുവർഷത്തിനകം ആദ്യവിമാനം പുറത്തിറക്കാനാണ് പദ്ധതി. ഏഴുവർഷത്തിനുള്ളിൽ മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാവും.

യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ഭൂമിയിലെ റഡാറുകളെക്കാൾ മുൻപെ കണ്ടെത്താൻ ഈ നിരീക്ഷണവിമാനങ്ങൾക്ക് കഴിയുമെന്നതാണ് പ്രത്യേകത. ഇസ്രയേലി ഫാൽക്കൺ എവാക്സ് സംവിധാനമുള്ള മൂന്നു റഷ്യൻ ഐ എൽ-76 വിമാനങ്ങൾ, ‘നേത്ര’ എന്നപേരിലുള്ള തദ്ദേശീയ റഡാർ സംവിധാനമുള്ള രണ്ട് ബ്രസീലിയൻ എംബ്രയർ 145 ജെറ്റ് വിമാനങ്ങൾ എന്നിവ നിരീക്ഷണത്തിനായി നിലവിൽ വ്യോമസേനയ്ക്കുണ്ട്.

ആവ്റോസ് വിമാനങ്ങൾക്കുപകരം പുതിയ 56 എയർബസ് യാത്രാവിമാനങ്ങൾ വാങ്ങാൻ 21,000 കോടി രൂപയുടെ കരാറിന് അനുമതി ലഭിച്ചതും വ്യോമസേനയെ സംബന്ധിച്ചിടത്തോളം നിർണായകമാകും. മിലിറ്ററി സി-295 എം ഡബ്ള്യു യാത്രാവിമാനങ്ങൾ വാങ്ങാൻ എയർബസ് ഡിഫൻസ് ആൻഡ് സ്പെയിസ് ഓഫ് സ്പെയിനുമായാണ് കരാറുണ്ടാക്കുന്നത്. 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിൽനിന്ന് നേരിട്ട് വാങ്ങും. 40 വിമാനങ്ങൾ ഇന്ത്യയിൽ ടാറ്റാ കൺസോർഷ്യം എയർബസിന്റെ സഹകരണത്തോടെ നിർമിക്കും. ആദ്യമായാണ് ഇന്ത്യയിൽ ഒരു സ്വകാര്യകമ്പനി സൈനികവിമാനം നിർമ്മിക്കുന്നത്.

Related Posts