പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മുകുൾ ആര്യ എംബസിക്കുള്ളിൽ മരിച്ച നിലയിൽ
പാലസ്തീനിലെ ഇന്ത്യൻ അംബാസഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. റാമല്ലയിലെ എംബസിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല.
2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ആര്യ മോസ്കോ, കാബൂൾ ഇന്ത്യൻ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ മന്ത്രാലയ ഓഫീസിലും ജോലി ചെയ്തിരുന്നു. പാരീസിലെ യുനസ്‌കോയുടെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സംഘത്തിലും സേവനമനുഷ്ഠിച്ചു.
മുകുൾ ആര്യ മരിച്ച വിവരം വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയുടെ വിയോഗത്തെ കുറിച്ച് അറിഞ്ഞപ്പോൾ അഗാധമായ ഞെട്ടലുണ്ടായെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു മുകുൾ ആര്യ എന്ന് ട്വീറ്റിൽ പറയുന്നു.
ഇന്ത്യൻ അംബാസഡർ ആര്യയുടെ മരണവാർത്ത അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണെന്ന് പാലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.