ഉക്രയ്നിൽ കുടുങ്ങിയ പാകിസ്താനി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി
റഷ്യ-ഉക്രയ്‌ൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഉക്രയ്നിൽ കുടുങ്ങിയ പാകിസ്താനി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി ഇന്ത്യൻ അധികൃതർ. ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
വളരെ വിഷമകരമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയ തന്നെ രക്ഷപ്പെടുത്തിയത് കീവിലെ ഇന്ത്യൻ എംബസിയാണെന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എംബസി അധികൃതർക്കും പെൺകുട്ടി കൃതജ്ഞത അറിയിക്കുന്നു.
കിഴക്കൻ ഉക്രയ്നിൽനിന്ന് ഇന്ത്യൻ അധികൃതർ രക്ഷപ്പെടുത്തിയ അസ്മ ഷഫീഖ് എന്ന പാകിസ്താനി വിദ്യാർഥിനി ഇപ്പോൾ പടിഞ്ഞാറൻ ഉക്രയ്നിലേക്ക് യാത്ര ചെയ്യുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതാദ്യമായല്ല ഒരു വിദേശ പൗരനെ ഇന്ത്യ രക്ഷിക്കുന്നത്. നേരത്തെ, ഒരു ബംഗ്ലാദേശ് പൗരനെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഒരു നേപ്പാളി പൗരനെ ഇന്ത്യൻ വിമാനത്തിൽ കൊണ്ടുവന്നിരുന്നു.