തിരഞ്ഞെടുപ്പിന് ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ
ഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സമർപ്പിച്ച പത്രികകൾ എല്ലാം സ്വീകരിച്ചു. അടുത്ത മാസം രണ്ടിന് തിരഞ്ഞെടുപ്പ് നടക്കും. 20 നാമനിർദ്ദേശ പത്രികകളും സ്വീകരിച്ചതായി റിട്ടേണിങ് ഓഫിസർ ഉമേഷ് സിൻഹ അറിയിച്ചു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ട്രഷറർ സ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. മുൻ അന്താരാഷ്ട്ര താരങ്ങളായ ബൈചുങ് ബൂട്ടിയ, കല്യാൺ ചൗബെ എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മലയാളിയും കർണാടക ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ എൻ എ ഹാരിസ് ആണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രാജസ്ഥാൻ അസോസിയേഷൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ മാനവേന്ദ്ര സിംഗാണ് മറ്റൊരു വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി. ബൂട്ടിയ പാനലിലെ അംഗമാണു മാനവേന്ദ്ര സിങ്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി മാറിയതിനെ തുടർന്ന് ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടും മലയാളിയുമായ ഷാജി പ്രഭാകരൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ നൽകിയിരുന്ന പത്രിക സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി മാറിയതോടെ പിൻവലിച്ചിരുന്നു. അതേസമയം കല്യാൺ ചൗബെയെ പ്രസിഡണ്ടായി തിരഞ്ഞെടുത്താൽ ഷാജി പ്രഭാകരൻ എഐഎഫ്എഫ് ജനറൽ സെക്രട്ടറിയാകുമെന്നാണു വിവരം.