കാർഗിൽ യുദ്ധസ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പുഷ്പചക്രം അർപ്പിച്ചു.
കാർഗിൽ വിജയദിനത്തിൽ വീരമൃത്യു വരിച്ച ജവാൻമാരെ അനുസ്മരിച്ച് രാജ്യം.
ന്യൂഡൽഹി: കാർഗിൽ വിജയത്തിന്റെ 22-ാം വാർഷിക ദിനമായ തിങ്കളാഴ്ച ഡൽഹിയിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പുഷ്പചക്രം അർപ്പിച്ചു. കാർഗിൽ യുദ്ധ വിജയത്തിൽ ജീവൻ വെടിഞ്ഞ വീര ജാവന്മാരെ രാജ്യം അനുസ്മരിച്ചു. കശ്മീരിലെ യുദ്ധ സ്മാരകങ്ങളിലും സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അനുസ്മരണ പരിപാടികൾ നടന്നു.
1999 മേയിലാണ് പാക് പട്ടാളത്തിന്റെ സഹായത്തോടെ ഭീകരർ കാർഗിലിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഓപ്പറേഷൻ വിജയിലൂടെ ഇന്ത്യൻ പട്ടാളം ശക്തമായ തിരിച്ചടി നൽകി. കൂടാതെ പാക് പട്ടാളം കൈയടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച ഭീകരരെ തുരാത്താനുള്ള ശ്രമത്തിൽ 527 ധീരജവാൻമാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26ന് കാർഗിൽ വിജയ ദിവസമായി ആചരിക്കുന്നത്. കാർഗിൽ യുദ്ധത്തിലെ ജവാൻമാർ കാണിച്ച വീര്യവും അവരുടെ ജീവത്യാഗവും രാജ്യം സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജവാൻമാരുടെ ധീരത ഓരോ ദിവസവും രാജ്യത്തെ പ്രചോദിപ്പിക്കുന്നുവെന്നും മോദി അനുസ്മരിച്ചു. യുദ്ധത്തിൽ പങ്കെടുത്ത ധീരയോദ്ധാക്കൾക്ക് എല്ലാവരും അഭിവാദ്യമർപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കാർഗിലിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരമർപ്പിച്ച് സൈന്യം കാശ്മീർ താഴ്‌വാരയിലേയും ലഡാക്കിലേയും മലനിരകളിലേക്ക് രണ്ട് മെഗാ ബൈക്ക് റാലിയും നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വടക്കൻ സൈനിക കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷിയാണ് ഒരു സംഘത്തെ നയിച്ചത്.