എയർപോർടിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; വ്യോമയാന മന്ത്രിക്ക് നിവേദനം
വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമായും കേൾപിക്കണം എന്ന ആവശ്യവുമായി ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് (ഐ സി സി ആർ). രാജ്യത്തിൻ്റെ പ്രൗഢമായ പാരമ്പര്യവുമായി ജനങ്ങൾക്കുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താൻ അത്തരം ഒരു നീക്കത്തിനാവും എന്നാണ് വാദം.
ഐ സി സി ആറിനൊപ്പം ഒരു കൂട്ടം സംഗീതജ്ഞരും ഗായകരും ഇതേ ആവശ്യം ഉന്നയിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രസിഡണ്ട് വിനയ് സഹസ്രബുദ്ധയുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് യോഗം ചേർന്നതിന് ശേഷമാണ് ഒരു സംഘം ഐ സി സി ആർ നേതാക്കൾ മന്ത്രിക്ക് കത്ത് നൽകിയത്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ ക്ലാസിക്കൽ സംഗീതമോ, ലളിത സംഗീതമോ, ഇൻസ്ട്രുമെന്റൽ സംഗീതമോ കേൾപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് കത്തിൽ പറയുന്നു.