യുഎസ് ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫ് സ്ഥാനത്ത് ഇന്ത്യൻ വംശജ നിഷ ദേശായി ബിസ്വാൾ

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ നിഷ ദേശായി ബിസ്വാളിനെ യുഎസ് ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി ചീഫായി പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. യുഎസ് ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് ഫിനാൻസ് കമ്മീഷന്‍റെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് സ്ഥാനത്തേക്കാണ് ഇന്ത്യൻ വംശജയായ സ്ത്രീയെ ബൈഡൻ ശുപാർശ ചെയ്തത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബറാക്ക് ഒബാമ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ബിസ്വാളിന് യുഎസ് വിദേശകാര്യ നയം, സ്വകാര്യ മേഖല, അന്താരാഷ്ട്ര വികസന പരിപാടികൾ എന്നിവയിൽ ദീർഘകാല പരിചയമുണ്ട്. നിലവിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സിലെ ഇന്‍റർനാഷണൽ സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സീനിയർ വൈസ് പ്രസിഡന്‍റാണ് ബിസ്വാൾ. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ, യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗൺസിൽ എന്നിവയുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ സേവനമനുഷ്ഠിച്ച ബിസ്വാൾ യുഎസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്മെന്‍റിൽ ഏഷ്യയുടെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്ററായും ബിസ്വാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള യുഎസ് എയ്ഡ് പ്രോഗ്രാമുകൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഡൽഹിയിലും നിഷ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്.  സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ് കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിർജീനിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ബിസ്വാൾ ഇന്‍റർനാഷണൽ റിലേഷൻസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

Related Posts