ഒരു മാസത്തിനുള്ളിൽ രണ്ടുലക്ഷത്തിലേറെ സന്ദർശകർ; ദുബൈ എക്സ്പോയിൽ തലയെടുപ്പോടെ തിളങ്ങി ഇന്ത്യൻ പവലിയൻ
ലോകമെങ്ങുമുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരുന്ന മഹത്തായ ദുബൈ എക്സ്പോയിൽ തലയെടുപ്പോടെ തിളങ്ങി ഇന്ത്യൻ പവലിയൻ. ഒരു മാസത്തിനുള്ളിൽ രണ്ടു ലക്ഷത്തിലേറെ സന്ദർശകരാണ് ഇന്ത്യൻ പവലിയനിലേക്ക് ഒഴുകിയെത്തിയത്. ഒക്ടോബർ 1-ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്. ഇൻവെസ്റ്റ്മെൻ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ ഇന്ത്യൻ പവലിയന് കഴിഞ്ഞതായി വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു. ഒക്ടോബറിൽ സന്ദർശകരുടെ അഭൂതപൂർവമായ കുത്തൊഴുക്കിനാണ് സാക്ഷ്യം വഹിച്ചതെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി അഭിപ്രായപ്പെട്ടു. വരുംമാസങ്ങളിൽ കൂടുതൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
നിക്ഷേപ സാധ്യതകൾ മുന്നോട്ടു വെയ്ക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ തനതായ ഉത്സവങ്ങളും ഭക്ഷണ വൈവിധ്യവും സാംസ്കാരിക, വിനോദ പരിപാടികളും ഉൾപ്പെടെ പവലിയനിലെ ജനപ്രിയ കാഴ്ചകളാണ് സന്ദർശകരെ ആകർഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 3 മുതൽ 9 വരെ കൊണ്ടാടിയ ജൈവ വൈവിധ്യ വാരം വൻവിജയമായെന്നാണ് ഊർജമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. സ്പേസിൽ കൈവരിച്ച മഹത്തായ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതായി സ്പേസ് വീക്ക് മാറി.
മുഴുവൻ പരിപാടികളിലും വമ്പിച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്. ഗുജറാത്ത്, കർണാടക, ലഡാക്ക് വാരാചാരങ്ങളും സഞ്ചാരികളെ വൻതോതിൽ ആകർഷിച്ചു. ദസറ, നവരാത്രി ആഘോഷങ്ങൾ ഉൾപ്പെടെ നിരവധി സാംസ്കാരിക കൂട്ടായ്മകൾക്കാണ് ഒക്ടോബർ സാക്ഷ്യം വഹിച്ചത്. നാടോടി കലാമേളകൾക്കൊപ്പം സംഗീത പരിപാടികളും സ്റ്റോറി ടെല്ലിങ്ങ് ഉൾപ്പെടെയുള്ള വിനോദങ്ങളും സന്ദർശകരെ കൈയിലെടുത്തു.
ശബ്ദ-വർണ വിസ്മയങ്ങളുടെ പൂരപ്രപഞ്ചം തീർത്ത ദീപാവലി ആഘോഷങ്ങൾക്കായി അനേകായിരങ്ങളാണ് തടിച്ചുകൂടിയത്. എൽഇഡി രംഗോളിയും കണ്ണഞ്ചിപ്പിക്കുന്ന വെർച്വൽ കരിമരുന്നു പ്രയോഗവും വിസ്മയകരമായി. സലിം സുലൈമാൻ, ധ്രുവ്, റൂഹ് തുടങ്ങി പ്രഗത്ഭരായ ഒട്ടേറെ കലാകാരന്മാരാണ് അത്ഭുതകരമായ പ്രകടനങ്ങൾ പുറത്തെടുത്തത്.
അഞ്ച് ബില്യൺ സമ്പദ് വ്യവസ്ഥ ലക്ഷ്യമിടുന്ന വളർച്ചാ കുതിപ്പിൽ സമസ്ത മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയും വികസനവുമാണ് ദുബൈ എക്സ്പോയിലൂടെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുന്നത്. മഹത്തായ സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം ആധുനിക ലോകത്തിൻ്റെ സൃഷ്ടിയിൽ രാജ്യത്തിൻ്റെ സ്ഥാനം അടയാളപ്പെടുത്തുന്ന വിലപ്പെട്ട സംഭാവനകളും ഇടം പിടിച്ചിട്ടുണ്ട്. ആകർഷകമായ ഒട്ടേറെ പരിപാടികൾ അരങ്ങേറാനിരിക്കുന്ന വരുംമാസങ്ങളിൽ സന്ദർശക പ്രവാഹം വർധിക്കുമെന്നാണ് വിലയിരുത്തുന്നത്.