സിനിമാ ഷൂട്ടിങ്ങ് എളുപ്പമാക്കി ഇന്ത്യൻ റെയിൽവേ, അപേക്ഷകൾ ഇനി ഓൺലൈനിലൂടെ

ദിൽവാലേ ദുൽഹനിയേ ലേജായേംഗേ, ജബ് വി മെറ്റ്, ദിൽസേ തുടങ്ങി എണ്ണമറ്റ ബോളിവുഡ് ചിത്രങ്ങളിലൂടെയും നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ റെയിൽവേ സ്റ്റേഷനും തീവണ്ടിയാത്രയുമെല്ലാം ചലച്ചിത്രങ്ങളിൽ കൂടുതൽ ഇടം പിടിക്കാനുളള അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. സിനിമകൾ, മ്യൂസിക് വീഡിയോകൾ, പരസ്യ ചിത്രങ്ങൾ, ഡോക്യുമെൻ്ററികൾ എന്നിവയുടെ ചിത്രീകരണത്തിന് അനുമതി ലഭിക്കാൻ ഇനിമുതൽ ഏകജാലക സംവിധാനം വിനിയോഗിക്കാമെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒ യുമായ സുനീത് ശർമ അറിയിച്ചു.

ചലച്ചിത്ര മേഖലയുമായി ഇന്ത്യൻ റെയിൽവേക്ക് ദീർഘകാലമായുള്ള ബന്ധമാണ്. ഷൂട്ടിങ്ങിനായി എല്ലാ കാലത്തും റെയിൽവേ അനുവാദം നൽകിയിട്ടുണ്ട്. ഇനിമുതൽ ചിത്രീകരണത്തിനായി നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഓൺലൈൻ വഴി അപേക്ഷിക്കാം. സിനിമാ തിരക്കഥകളിൽ റെയിൽവേ തുടർന്നും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുനീത് ശർമ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നേരത്തേ ഷൂട്ടിങ്ങിനുള്ള അനുമതി കിട്ടാൻ അണിയറ പ്രവർത്തകർക്ക് പതിനേഴോളം സോണൽ ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. ചട്ടങ്ങളിലെ കാർക്കശ്യവും കാലതാമസവും മൂലം റെയിൽവേ ചിത്രീകരണം ഒഴിവാക്കാൻ നിർബന്ധിതരാവുന്ന അവസ്ഥയ്ക്കാണ് മാറ്റം വരുന്നത്. ഫിലിം ഫെസിലിറ്റേഷൻ ഓഫീസ് സ്ഥാപിച്ചതോടെ ഇനിമുതൽ ഓൺലൈൻ വഴി വെബ് പോർട്ടലിൽ അപേക്ഷ നൽകാം.

Related Posts