കീവിൽ ഷെൽറ്റർ ഹോം ഒരുക്കി ഇന്ത്യൻ റസ്റ്റൊറന്റ് സാത്തിയ; സുരക്ഷിതമായ ഇടവും സൗജന്യ ഭക്ഷണവും വാഗ്ദാനം
യുദ്ധക്കെടുതിയിൽ വലയുന്ന കീവിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി ഉക്രയ്നിൽ ഒരു ഇന്ത്യൻ റസ്റ്റൊറൻ്റ്. ഗുജറാത്തിൽ നിന്നുള്ള 52 കാരനായ റസ്റ്റൊറൻ്റ് ഉടമ മനീഷ് ദാവെയാണ് യുദ്ധഭീതിയിൽ ഉഴറുന്നവർക്ക് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയത്.
ബൊഗോമെലെറ്റ്‌സ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രാജ്യാന്തര ഹോസ്റ്റലിൽ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് നടക്കാനുള്ള വഴിയേ റസ്റ്റൊറൻ്റിലേക്ക് ഉള്ളൂ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇന്ത്യൻ വിദ്യാർഥികളെ ലക്ഷ്യമിട്ട് റസ്റ്റൊറൻ്റ് പ്രവർത്തനം തുടങ്ങിയത്. ഈ വർഷം വിപുലമായ രീതിയിൽ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി യുദ്ധം വരുന്നത്.
തന്റെ റെസ്റ്റൊറന്റ് ബേസ്‌മെന്റിലാണെന്നും ഈ സാഹചര്യത്തിൽ സുരക്ഷിതമായി തങ്ങാനുള്ള സ്ഥലമാണെന്നും പറഞ്ഞു കൊണ്ടുള്ള സന്ദേശം മനീഷ് ദാവെ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തിൽ നിന്നോ ഉള്ള പ്രിയ സുഹൃത്തേ, ഞങ്ങളുടെ റെസ്റ്റൊറന്റ് ബേസ്മെന്റിലാണ്. ഈ സാഹചര്യത്തിൽ സുരക്ഷിതമായി താമസിക്കാൻ പറ്റിയ ഇടമാണ് സാത്തിയ. താമസിക്കാൻ ഇടം ഇല്ലെങ്കിൽ, ദയവായി ഇവിടെ വരണം. സൗജന്യ ഭക്ഷണവും താമസവും ഉറപ്പു നൽകുന്നു- സന്ദേശത്തിൽ പറയുന്നു.