കാനഡയിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു
ടൊറണ്ടോ: കാനഡയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിംഗ് (28) ആണ് മരിച്ചത്. വെടിവെപ്പിനെ തുടർന്ന് ഹാമില്‍ട്ടണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. 40 കാരനായ സീൻ പെട്രിയാണ് വെടിവെപ്പ് നടത്തിയത്. ആദ്യം മിസിസോഗയില്‍ ടൊറന്‍റോ പോലീസിലെ ഒരു കോൺസ്റ്റബിളിനെ വെടിവച്ച് കൊന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെട്ട് മിൽട്ടണിലേക്ക് പോയി, അവിടെ മുമ്പ് ജോലി ചെയ്തിരുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പിന്‍റെ ഉടമ ഷക്കീൽ അഷ്റഫ് (38) എന്നയാളെയും വെടിവച്ചു കൊല്ലുകയായിരുന്നു. ഇതേ വർക്ക്ഷോപ്പിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന സത്‍വീന്ദര്‍ സിംഗിനും വെടിയേറ്റു. അക്രമിയെ പിന്നീട് ഹാമിൽട്ടണിൽ വച്ച് പൊലീസ് വെടിവച്ചുകൊന്നു.