ഇന്ത്യൻ സൂപ്പർ ലീഗ്; തുടർച്ചയായ രണ്ടാം തവണ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ

പനജി: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സി തകർത്തതോടെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പായത്. ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. തുടർച്ചയായ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തുന്നത്. പ്ലേ ഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായിരുന്ന എഫ്സി ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുണ്ടായിരുന്നു. ഇന്നലത്തെ മത്സരത്തിൽ തോറ്റതോടെ ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഒരു മത്സരം കൂടി ശേഷിക്കുന്ന ഗോവയ്ക്ക് ആ മത്സരം ജയിച്ചാലും 30 പോയിന്റ് മാത്രമേ ലഭിക്കു. 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോറ്റാലും ആറാം സ്ഥാനക്കാരായി ടീമിന് പ്ലേ ഓഫിൽ കയറാം. ബ്ലാസ്റ്റേഴ്സിന് പുറമെ ബെംഗളൂരു എഫ്സിയും പ്ലേ ഓഫിൽ ഇടം നേടി. നിലവിൽ 31 പോയിന്‍റാണ് ബെംഗളൂരുവിനുള്ളത്. ഇനിയും ഒരു മത്സരം കൂടി അവർക്ക് ബാക്കിയുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബെംഗളൂരു ജയിച്ചിരുന്നു. പോയിന്‍റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്.

Related Posts