ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർക്കാൻ ഇന്ത്യൻ ടീം
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിച്ചേക്കും. മത്സരം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. സെപ്റ്റംബറിൽ കേരളത്തിൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ക്യാമ്പ് നടത്താൻ ആഗ്രഹമുണ്ടെന്ന് കോച്ച് ഇഗോർ സ്റ്റാമിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏഐഎഫ്എഫി ലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പിനെക്കുറിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില പുതിയ സൂചനകൾ ലഭിച്ചിരിക്കുകയാണ്. സെപ്റ്റംബർ 18നോ 19നോ ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ത്യൻ ടീം സൗഹൃദ മത്സരം കളിച്ചേക്കുമെന്നും മാർക്കസ് ട്വീറ്റ് ചെയ്തു. ഈ മത്സരത്തിന് ശേഷം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യ വിയറ്റ്നാമിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമിനെതിരെയും സിംഗപ്പൂരിനെതിരെയും ഇന്ത്യ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.