ഇന്ത്യക്കാർ ആത്മാഭിമാനമുള്ളവർ; ഒരു വൻ ശക്തിക്കും ഇന്ത്യയോട് ആജ്ഞാപിക്കാനാവില്ല: ഇമ്രാൻ ഖാൻ
ഇന്ത്യക്കാർ ആത്മാഭിമാനമുള്ളവർ ആണെന്നും ലോകത്തെ ഒരു വൻ ശക്തിക്കും ഇന്ത്യയോട് ആജ്ഞാപിക്കാൻ ആവില്ലെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതിനിടയിലാണ് ഇന്ത്യയെ പുകഴ്ത്തിക്കൊണ്ടുള്ള പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ. പ്രസംഗത്തിലുടനീളം ഇമ്രാൻ ഖാൻ വികാരഭരിതനായി കാണപ്പെട്ടു.
അവിശ്വാസ പ്രമേയ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് വന്നതിൻ്റെ പിറ്റേന്നത്തെ പ്രസംഗത്തിൽ അയൽ രാജ്യത്തിൻ്റെ പേരാണ് ഏറ്റവുമധികം ഉയർന്നു നിന്നത്. ഒരു സൂപ്പർ പവറിനും ഇന്ത്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഇമ്രാൻ ഇന്ത്യക്കാർ "ഖുദ്ദർ ക്വാം" (ആത്മാഭിമാനമുള്ള ആളുകൾ) ആണെന്ന് പ്രശംസ ചൊരിഞ്ഞു. കശ്മീർ പ്രശ്‌നവും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ എസ് എസ്) പ്രത്യയശാസ്ത്രവും കാരണമാണ് ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിൽ അല്ലാത്തത്. അതിൽ താൻ നിരാശനാണ്.
തന്നെ പുറത്താക്കാനുള്ള ഗൂഢാലോചന നടത്തുന്നത് വിദേശ ശക്തികളാണെന്ന ആരോപണം പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് നേതാവ് ആവർത്തിച്ചു. പാകിസ്താൻ്റെ പരമാധികാരത്തിനെതിരായ ആക്രമണമാണ് അരങ്ങേറുന്നത്.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പാക്കിസ്താൻ്റെ വിദേശനയവുമായി അദ്ദേഹം താരതമ്യം ചെയ്തു.പാകിസ്താനും ഇന്ത്യയും ഒരുമിച്ചാണ് സ്വാതന്ത്ര്യം നേടിയത്. എന്നാൽ പാകിസ്താനെ കേവലം ടിഷ്യു പേപ്പറായി ഉപയോഗിക്കുകയും വലിച്ചെറിയുകയുമാണ്. സുപ്രീം കോടതിയുടെ തീരുമാനത്തിൽ താൻ അസ്വസ്ഥനാണെന്ന് തുറന്നു സമ്മതിച്ച ഇമ്രാൻ ഖാൻ ഡെപ്യൂട്ടി സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ സുപ്രീം കോടതി അത് അംഗീകരിക്കേണ്ടതായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.
തന്നെ പുറത്താക്കാൻ പ്രതിപക്ഷ പാർടികൾ കുതിരക്കച്ചവടം നടത്തുകയാണ്. ഏത് രാജ്യത്തിന്റെ ജനാധിപത്യമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ അനുവദിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ല. ആളുകൾ ഇത്തരത്തിൽ അവരുടെ മന:സാക്ഷി പണയപ്പെടുത്തുന്നത് താൻ കണ്ടിട്ടില്ല. പ്രതിപക്ഷ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി സ്വമേധയാ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.