ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു; കരുതൽ ശേഖരം 564 ബില്യൺ ഡോളർ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 564 ബില്യൺ ഡോളറായെന്ന് പുതിയ കണക്കുകൾ. ഡിസംബർ 9 വരെയുള്ള ഒരാഴ്ച കാലയളവിൽ കരുതൽ ശേഖരം 2.9 ബില്യൺ ഡോളർ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി കരുതൽ ശേഖരം ഉയരുകയാണ്. റിസർവ് ബാങ്കിന്‍റെ കൈവശമുള്ള വിദേശ കറൻസി ആസ്തി ഉയർന്നതാണ് വിദേശനാണ്യ ശേഖരം വർദ്ധിക്കാനുള്ള പ്രധാന കാരണം. യുഎസ് ഡോളറും യൂറോയും ഉൾപ്പെടെയുള്ള പ്രധാന കറൻസികളാണ് ഇന്ത്യയുടെ വിദേശ കറൻസി ആസ്തി. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യയുടെ സ്വർണ്ണ ശേഖരം 296 ദശലക്ഷം ഡോളർ കുറഞ്ഞു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ വിദേശനാണ്യ ശേഖരം 19.3 ബില്യൺ ഡോളറിലെത്തി. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് വിദേശനാണ്യ ശേഖരം 72 ബില്യൺ ഡോളർ കുറഞ്ഞു. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് വിദേശനാണ്യ ശേഖരത്തിലെ ഇടിവിന് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ സെപ്റ്റംബർ വരെ റിസർവ് ബാങ്ക് 33.42 ബില്യൺ ഡോളർ ചെലവഴിച്ചിരുന്നു.