ബൂസ്റ്റർ ഡോസ് വിഷയത്തിൽ ഇന്ന് വിദഗ്ധ സമിതി ചേരുമെന്ന് സൂചനകൾ
രാജ്യത്ത് വാക്സിനേഷൻ പ്രക്രിയയിൽ അധികഡോസ് നൽകുന്നത് സംബന്ധിച്ച വിഷയത്തിൽ കൂടിയാലോചനകൾക്കായി ഇന്ന് വിദഗ്ധ സമിതി ചേരാനിടയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാർസ്-കൊവി-2 വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ആൻ്റിബോഡികളുടെ അളവിൽ കുറവ് വരുത്തുന്നതായി പ്രാഥമിക പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി സൂചനകളുണ്ട്. അധിക ഡോസിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അതേസമയം, ആൻ്റിബോഡികളുടെ അളവിനെ മാത്രമല്ല ടി സെൽസിനെയും ആസ്പദമാക്കിയാണ് പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
നേരത്തേ, ബൂസ്റ്റർ ഡോസായി കോവിഷീൽഡ് വാക്സിൻ നൽകുന്നത് പരിഗണിക്കണം എന്ന ആവശ്യവുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഡ്രഗ്സ് കൺട്രോളർ ജനറലിനെ സമീപിച്ചിരുന്നു. വൈറസിൻ്റെ പുതിയ വകഭേദം ഉടലെടുത്തതും വാക്സിൻ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നതും ചൂണ്ടിക്കാണിച്ചാണ് കമ്പനി ഡിസിജിഐയെ സമീപിച്ചത്. ബൂസ്റ്റർ ഡോസായി സ്പുട്നിക് വി ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനുള്ള അനുമതിക്കായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ സമീപിച്ചിട്ടുണ്ട്. എന്തായാലും, വിദഗ്ധ സമിതി യോഗത്തിൽ വാക്സിൻ കമ്പനികൾക്ക് പറയാനുള്ളത് കേൾക്കുക എന്നതിനപ്പുറം തീരുമാനമൊന്നും ഉണ്ടാകാനിടയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.