ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന് കൊച്ചി വേദിയായേക്കുമെന്ന് സൂചന
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒൻപതാം സീസണിന്റെ ഫൈനലിന് കൊച്ചി ആതിഥേയത്വം വഹിക്കാൻ സാധ്യത. മാർച്ച് പകുതിയോടെയായിരിക്കും ഐഎസ്എൽ ഫൈനൽ നടക്കുക. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. ഐഎസ്എല്ലിലെ ലീഗ് ഘട്ട മത്സരങ്ങളുടെ ഫിക്സ്ചറുകൾ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലേ ഓഫിന്‍റെയും ഫൈനലിന്‍റെയും വേദിയും മത്സര തീയതിയും ഇതുവരെ തീരുമാനിച്ചിട്ടില്ല. മാർച്ച് 17നോ 18നോ ഐഎസ്എൽ ഫൈനൽ നടക്കുമെന്നാണ് മാർകസിന്‍റെ ട്വീറ്റ്. കൊച്ചിക്ക് പുറമെ കൊൽക്കത്ത, മുംബൈ എന്നീ വേദികളെയും ഫൈനലിലേക്ക് പരിഗണിക്കുന്നുണ്ട്. കോവിഡ് -19 കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഗോവയിലാണ് ഐഎസ്എൽ ഫൈനൽ നടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളും പൂർണ്ണമായും ഗോവയിലായിരുന്നു. ഇത്തവണ ഐഎസ്എൽ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയതോടെ, ഫൈനൽ പോരാട്ടത്തിനായി ഒരു പുതിയ വേദി വരുമെന്ന് ഉറപ്പാണ്.