ഇന്ത്യയുടെ സമുദ്ര സുരക്ഷക്കായി തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ ‘വാഗിർ’ എത്തി

മുംബൈ: ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് 'വാഗിർ' അന്തർവാഹിനി രാജ്യത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി മസാഗാവ് കപ്പൽശാലയിൽ തദ്ദേശീയമായാണ് അന്തർവാഹിനി നിർമ്മിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറിന്‍റെ സാന്നിധ്യത്തിൽ മുംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങിലാണ് അന്തർവാഹിനി കമ്മീഷൻ ചെയ്തത്. നാവികസേനയുടെ പ്രോജക്ട് 75 ന്‍റെ ഭാഗമായാണ് അന്തർവാഹിനി നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര ടെസ്റ്റുകൾക്ക് ശേഷമാണ് സേനയിൽ ഉൾപ്പെടുത്തിയത്. ഡീസലിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽ (സ്കോർപീൻ ക്ലാസ്) ഉൾപ്പെടുന്ന അഞ്ചാമത്തെ അന്തർവാഹിനിയാണ് വാഗിർ. യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും നശിപ്പിക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന അധിനിവേശ മത്സ്യത്തിന്‍റെ പേരാണ് വാഗിർ. ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ശത്രു പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട് ഇതിൽ. ശത്രുസൈന്യത്തിന്‍റെ ശ്രദ്ധയിൽ പെടാതെ യാത്ര ചെയ്യാനുള്ള സ്റ്റെൽത് സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ ഇതേ പേരിലുള്ള അന്തർ വാഹിനി സൈന്യത്തിനുണ്ടായിരുന്നു. ആദ്യത്തെ വാഗിർ അന്തർവാഹിനി 1973 ഡിസംബർ 3 ന് നാവികസേനയുടെ ഭാഗമായി. റഷ്യയിലാണ് ഇത് നിർമ്മിച്ചത്. 28 വർഷത്തെ സേവനത്തിനു ശേഷം 2001 ജൂൺ 7 ൻ ഇത് ഡീകമ്മീഷൻ ചെയ്തു.

Related Posts