വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ; 500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറിന് ഓർഡർ നൽകി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. പാരീസ് എയർ ഷോ 2023-ൽ ഇൻഡിഗോയുടെയും എയർബസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 500 വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാർ ഒപ്പിട്ടു. എ320, എ321, നിയോ എ321, എക്‌സ് എല്‍ ആര്‍ വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങാനിരിക്കുന്നത്. ഏകദേശം 500 ബില്യൺ ഡോളറായിരിക്കും ഓർഡറിന്റെ മൂല്യമെന്നാണ് വിലയിരുത്തൽ.

ഇതോടെ, 470 വിമാനങ്ങള്‍ വാങ്ങാനുള്ള എയർഇന്ത്യയുടെ കരാറിനെയാണ് ഇൻഡിഗോ മറികടന്നത്. 480 വിമാനങ്ങളുടെ മുൻ ഓർഡറും കൂടി ഉൾപ്പെടുത്തിയാൽ ഇന്‍ഡിഗോ ഓര്‍ഡര്‍ നൽകിയ എയര്‍ബസ് വിമാനങ്ങളുടെ ആകെ എണ്ണം 1330 ആയി ഉയര്‍ന്നതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 2030-ഓടെ ഇൻഡിഗോയുടെ 100 വിമാനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കും. ഈ സാഹചര്യത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 700-ലധികം വിമാനം എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. എയർബസിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്‍ഡിഗോ. 300ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്ക് നിലവിലുള്ളത്.

അതേസമയം ഈ കരാര്‍ തങ്ങള്‍ക്ക് വലിയ അഭിമാനകരമാണെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. ഏകദേശം 1,000 വിമാനങ്ങളുടെ ഓർഡർ, ഇന്ത്യയിലെ സാമ്പത്തിക വളർച്ചയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇന്ധനക്ഷമത കൂടുതലുള്ള A320NEO വിമാനങ്ങള്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുമെന്നും അതിലൂടെ കൂടുതല്‍ മികച്ച സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നും ഇൻഡിഗോ അറിയിച്ചു. ഇന്ത്യയിലേക്ക് വിമാന യാത്രയുടെ ജനാധിപത്യവത്ക്കരണം കൊണ്ടുവന്ന ഇൻഡിഗോയോട് സഹകരിക്കുന്നതില്‍ എയര്‍ബസിന് അങ്ങേയറ്റത്തെ സംതൃപ്തിയും അഭിമാനവും ഉണ്ടെന്ന് എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ക്രിസ്റ്റ്യന്‍ ഷെറര്‍ പറഞ്ഞു.

പുതിയ വിമാനങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുകയാണ് ഇൻഡിഗോയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ അന്താരാഷ്ട്ര ശൃംഖല ഗണ്യമായി വികസിപ്പിക്കാനാണ് ഇൻഡിഗോയുടെ പദ്ധതി. A320neo-യ്ക്ക് 3,400 നോട്ടിക്കൽ മൈൽ പറക്കാനുള്ള ശേഷിയുണ്ട്, അതേസമയം A321neo-യുടെ റേഞ്ച് 4,000 നോട്ടിക്കൽ മൈലാണ്. A321XLR-ന്റെ പറക്കൽ റേഞ്ച് 4,700 നോട്ടിക്കൽ മൈലാണ്, അതായത് 11 മണിക്കൂർ നിർത്താതെ പറക്കാൻ സാധിക്കും.

Related Posts