മാലിന്യങ്ങൾകൊണ്ട് മ്യൂസിയം, വാട്ടർ ബോട്ടിൽകൊണ്ട് തുരങ്കം; സഞ്ചാരികളെ ആകർഷിച്ച് ഇന്തോനേഷ്യൻ പ്ലാസ്റ്റിക് മ്യൂസിയം

പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ടു മാത്രം നിർമിച്ച മനോഹരമായ ഒരു മ്യൂസിയമുണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയിൽ. ഭൂമുഖത്ത് പ്ലാസ്റ്റിക് വരുത്തിവെയ്ക്കുന്ന അപകടങ്ങളെപ്പറ്റി ആധിയുള്ളവരാണ് പാഴ് വസ്തുക്കൾ കൊണ്ടുള്ള പ്ലാസ്റ്റിക് മ്യൂസിയം യാഥാർഥ്യമാക്കിയത്. "റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ" എന്നീ മഹത്തായ മൂന്ന് ആശയങ്ങളാണ് മ്യൂസിയത്തിനുള്ളിൽ നിറഞ്ഞു നില്ക്കുന്നത്.

പ്ലാസ്റ്റിക് സഞ്ചികൾ, വാട്ടർ ബോട്ടിലുകൾ, ബാഗുകൾ, ഡയപ്പറുകൾ, സാഷേകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് ആളുകൾ വലിച്ചെറിഞ്ഞ അപകടകരമായ പാഴ് വസ്തുക്കൾ കൊണ്ടാണ് മനോഹരമായ കലാസൃഷ്ടികളെല്ലാം ഉണ്ടാക്കിയത്. കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബയയ്ക്ക് സമീപമായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ആയിരക്കണക്കിന് ബോട്ടിലുകൾ കൊണ്ട് നിർമിച്ച വാട്ടർ ബോട്ടിൽ തുരങ്കം ഇന്തോനേഷ്യൻ കലാവൈഭവത്തിൻ്റെ ഒന്നാന്തരം തെളിവാണ്. മ്യൂസിയം സന്ദർശിക്കാനെത്തുന്നവരുടെ ഫേവറിറ്റ് സെൽഫി സ്പോട്ടായി തുരങ്കം മാറിയിരിക്കുന്നു. നഗരത്തിന് ചുറ്റുമുള്ള നിരവധി നദികളിലൂടെ മാലിന്യമായി ഒഴുകി നടന്ന ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് 'ടെറോവോങ്കൻ 4444' എന്ന തുരങ്കം അവർ നിർമിച്ചത്.

ഗ്രെസിക് റീജൻസിയിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇക്കോളജിക്കൽ ഒബ്സർവേഷൻ ആൻഡ് വെറ്റ്ലാൻഡ്സ് കൺസർവേഷൻ (ഇക്കോടോൺ) ആണ് പ്ലാസ്റ്റിക് മ്യൂസിയം എന്ന വിജയകരമായ ആശയത്തിനു പിന്നിലുള്ളത്. സമുദ്രത്തിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനം ഇന്തോനേഷ്യയ്ക്കാണ്, ഒന്നാം സ്ഥാനം ചൈനയ്ക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അപകടങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയാണ് മ്യൂസിയത്തിൻ്റെ ലക്ഷ്യമെന്ന് സ്ഥാപകൻ പ്രിഗി അരിസാൻഡി പറഞ്ഞു.
