സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം, ഇന്ദ്രൻസിന് പുരസ്കാരം കിട്ടിയത് രണ്ടുവർഷം മുമ്പാണെന്ന് ഡോ. ബിജു
സിംഗപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള അഭിനയത്തിന് ഇന്ദ്രൻസിന് പുരസ്കാരം ലഭിച്ച വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുമ്പോൾ തിരുത്തുമായി സംവിധായകൻ ഡോ. ബിജു. തൻ്റെ വെയിൽ മരങ്ങൾ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഇന്ദ്രൻസിന് പുരസ്കാരം ലഭിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞെന്ന് ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇന്ദ്രൻസ് ചേട്ടന് ഏഷ്യൻ മേളയിൽ പുരസ്കാരം ലഭിച്ചത് രണ്ടു വർഷം മുമ്പായിരുന്നു, 2019-ൽ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പ്രധാന മത്സര വിഭാഗത്തിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ പുരസ്കാരം നേടിയത് വെയിൽമരങ്ങൾ ആയിരുന്നു. ആ സിനിമ കേരളത്തിൽ എത്രപേർ കണ്ടിട്ടുണ്ടാവും എന്നറിയില്ല. കേരള സംസ്ഥാന അവാർഡ് ജൂറി തഴഞ്ഞ ചിത്രമാണ് വെയിൽ മരങ്ങൾ എന്നും ഡോ. ബിജു തൻ്റെ കുറിപ്പിൽ പറയുന്നു. വിദേശ പുരസ്കാരം ഇന്ദ്രൻസിന് ഇപ്പോഴാണ് ലഭിച്ചത് എന്ന മട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അഭിനന്ദന പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമാക്കി കൊണ്ടുള്ള കുറിപ്പുമായി ചിത്രത്തിൻ്റെ സംവിധായകൻ തന്നെ രംഗത്തു വന്നത്.
ഡോ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ താഴെ:
ഇന്ദ്രൻസ് ചേട്ടന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര മേളയിൽ വെയിൽമരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കിട്ടിയത് ഇന്ന് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നത് കണ്ടു...ഒട്ടേറെ പേർ മെസ്സേജ് അയയ്ക്കുകയും ചെയ്തു....
ഒരു ചെറിയ തിരുത്ത് ഉണ്ട്..ആ പുരസ്കാരം കിട്ടിയത് രണ്ടു വർഷങ്ങൾക്ക് മുൻപ് ആയിരുന്നു. 2019 ൽ...വെയിൽമരങ്ങളിലെ ഇന്ദ്രൻസ് ചേട്ടന്റെ അഭിനയവും എം. ജെ.രാധാകൃഷ്ണന്റെ അസാമാന്യമായ ഛായാഗ്രഹണവും എത്ര പേർ കണ്ടിട്ടുണ്ടാവും എന്നറിയില്ല. സിനിമ 2020 ഫെബ്രുവരിയിൽ കേരളത്തിൽ കുറച്ചു തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും പ്രധാന മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ പ്രധാന മത്സര വിഭാഗത്തിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമ പുരസ്കാരം നേടിയത് വെയിൽമരങ്ങൾ ആയിരുന്നു. ഔട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗോബ്ലറ്റ്പുരസ്കാരം . പിന്നീട് ഫ്രാൻസിലെ ടുലോസ് ഇന്ത്യൻ ചലച്ചിത്ര മേള, ചൈനയിലെ ചോങ്ക്വിങ് ചലച്ചിത്ര മേള എന്നിവിടങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, കേരള ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പ്പാക് പുരസ്കാരം എന്നിവയും വെയിൽമരങ്ങൾക്ക് ലഭിച്ചിരുന്നു. ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് ജൂറി രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത 25 ചിത്രങ്ങളിൽ ഉൾപ്പെടാൻ തക്ക യോഗ്യതയും നിലവാരവും ഇല്ലെന്ന വിലയിരുത്തലിൽ ആദ്യ ഘട്ടത്തിൽ തന്നെ വെയിൽമരങ്ങൾ പുറന്തള്ളുകയും ചെയ്തിരുന്നു..
സിംഗപ്പൂരിൽ ഇന്ദ്രൻസ് ചേട്ടന് വേണ്ടി അവാർഡ് സ്വീകരിച്ചതിന്റെ ഓർമചിത്രങ്ങൾ പങ്കു വയ്ക്കുന്നു...