സ്ത്രീകൾ ഉയർന്നവരെന്ന് മനസിലാക്കാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത്: ഇന്ദ്രന്‍സ്
നടിയെ ആക്രമിച്ച കേസിൽ വിമൻ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ പിന്തുണ ഉണ്ടാകുമായിരുന്നുവെന്ന് ഇന്ദ്രൻസ്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കവെയാണ് ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് വ്യക്തമാക്കിയത്. സംഘടന രൂപീകരിച്ചില്ലെങ്കിലും നിയമപോരാട്ടം നടക്കുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഒരു സംഘടനയ്ക്ക് എത്രത്തോളം പ്രശ്നങ്ങളെ ചെറുക്കാനാകും, സ്വയംസുരക്ഷ ഉറപ്പാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡബ്ല്യു.സി.സിയുടെ പ്രാധാന്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഇന്ദ്രൻസ്. സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പുരുഷൻമാരേക്കാൾ ഉയർന്നവരും വികസിതരുമാണ്. അത് മനസിലാകാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.