ഇന്ദ്രൻസിന്റെ 'ഉടൽ' ഫസ്റ്റ് ലുക്ക് ചർച്ചയാവുന്നു
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉടൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചർച്ചയാവുന്നു. ദുർഗ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ പുതിയ ഗെറ്റപ്പിലാണ് ഇന്ദ്രൻസ് എത്തുന്നത്. കണ്ണുകളിൽ ഒന്നിലെ വൈറ്റ് സ്പോട്ട് ശ്രദ്ധേയമാണ്. 'ഹോം' എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരിക്കും ഉടൽ എന്നത് ഉറപ്പാണ്.
'ലവ് ആന്റ് ലസ്റ്റ് ഇൻസൈഡ് 'എന്ന ചിത്രത്തിന്റ് ടാഗ് ലൈൻ തന്നെ കൗതുകവും ദുരൂഹതയും ജനിപ്പിക്കുന്നതാണ്. രതീഷ് രഘുനന്ദൻ ആണ് ചിത്രത്തിന്റെ സംവിധാനം. മനോജ് പിള്ള ഛായാഗ്രഹണവും നിശാന്ത് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹസീബ് മലബാറാണ് ചിത്രം നിർമിക്കുന്നത്.
'സച്ചിൻ' എന്ന ചിത്രത്തിനുശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഉടൽ. 'ലവ് ആക്ഷൻ ഡ്രാമ' എന്ന നിവിൻപോളി- നയൻതാര ചിത്രത്തിലൂടെ സംവിധാന മേഖലയിലേക്കു കൂടി ധ്യാൻ ചുവടുവെച്ചിരുന്നു. പ്രദീപ് എം നായരുടെ 'വിമാന'ത്തിലൂടെ അഭിനയ രംഗത്തെത്തിയ ദുർഗ കൃഷ്ണ 'പ്രേതം 2', 'കുട്ടിമാമ', 'ലവ് ആക്ഷൻ ഡ്രാമ', 'കൺഫഷൻസ് ഓഫ് എ കുക്കു' എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്