വ്യവസായ - കൈത്തറി പ്രദര്‍ശന മേള തൃശൂരില്‍ 13 മുതല്‍

ജനുവരി 13 മുതല്‍ 16 വരെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടിന്‍ടെക്‌സ് 2022 വ്യവസായ - കൈത്തറി പ്രദര്‍ശന മേള തൃശൂരില്‍ നടക്കും.

തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മേളയില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, കൈത്തറി കരകൗശല വസ്തുക്കള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിപണനവും ഉണ്ടാകും. രുചി പെരുമയില്‍ തീര്‍ത്ത പ്രത്യേക ഫുഡ് കോര്‍ട്ടും ഒരുക്കും. വൈകീട്ട് വിവിധ കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ചെറുകിട, സൂക്ഷ്മ സംരംഭ ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യം വെച്ചാണ് വ്യവസായ വാണിജ്യ വകുപ്പ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. 48 സ്റ്റാളുകളില്‍ 26 വ്യവസായ സംരംഭ സ്റ്റാളുകളും കൈത്തറി-കരകൗശല മേഖലയില്‍ നിന്നും 17 സ്റ്റാളുകളും ഖാദി ബോര്‍ഡ്, കുടുംബശ്രീ, കയര്‍ മേഖലയില്‍ നിന്നുള്ള സ്റ്റാളുകളും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എം എസ് എം ഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ലീഡ് ബാങ്ക് എന്നീ സ്റ്റാളുകളും ഉണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ.കെ എസ് കൃപകുമാര്‍, കെ.എസ്.എസ്.ഐ.എ ജില്ല പ്രസിഡന്റ് നോബി ജോസഫ്, എം.എസ്.എം.ഇ-ഡി.ഐ അസിസ്റ്റന്റ് ഡയറക്ടര്‍ പി ബി സുരേഷ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത ആര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts