ജമ്മു-കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം; 4 ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരരെ സുരക്ഷാ സേന വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടയിൽ കുപ്വാരയിൽ ആയിരുന്നു എറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തുകയാണ്.
മിച്ചാൽ സെക്ടറിലെ കാല വനമേഖലയിൽ ആയിരുന്നു സംഭവം. പാക് അധീന കശ്മീരിൽ നിന്നും അതിർത്തി കടന്ന് കശ്മീരിൽ എത്താനായിരുന്നു ഭീകരരുടെ ശ്രമം. എന്നാൽ ഇത് സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരരെ വളഞ്ഞു. ഇതോടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതോടെയാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടുതൽ ഭീകരർ പാക് അധീന കശ്മീരിൽ നിന്നും അതിർത്തി കടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.