കാശ്മീരിൽ നിയന്ത്രണമേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം: 3 ഭീകരർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉറി സെക്ടറിന് സമീപം നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ചൈനീസ് നിർമ്മിത തോക്ക് കണ്ടെത്തിയത് അസാധാരണമാണെന്ന് സൈന്യം അറിയിച്ചു. ഉറിയിലെ കമാൽകോട്ട് പ്രദേശത്ത് കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രഎകെ സീരിസിൽപ്പെട്ട രണ്ട് ആയുധങ്ങൾ, ഒരു ചൈനീസ് എം–16 തോക്ക്, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. "എകെ സീരിസിലുള്ളവയാണ് സാധാരണ കണ്ടെത്തുന്നത്. ചിലപ്പോൾ എം–4 റൈഫിളുകളും (യുഎസ് നിർമിതം) ലഭിക്കാറുണ്ട്. എന്നാൽ ഇത് ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ്. ഈ കണ്ടെത്തൽ അസാധാരണമാണ്. ഒരു പാക്ക് നിർമിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടെയുള്ളവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു" – സൈന്യത്തിന്റെ 19 ഇൻഫൻട്രി ഡിവിഷൻ, ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ അജയ് ചന്ദ്പുരി മാധ്യമപ്രവർത്തകരോടു പറഞ്ഞു അതേസമയം, പാകിസ്ഥാൻ സൈന്യവും തീവ്രവാദികളും ചൈനീസ് സൈന്യവും തമ്മിൽ ബന്ധമുണ്ടെന്ന് നിലവിലെ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. "ശരിയായ അന്വേഷണത്തിനും പരിശോധനകൾക്കും ശേഷം മാത്രമേ അത്തരമൊരു നിഗമനത്തിലെത്താൻ കഴിയൂ. നുഴഞ്ഞുകയറ്റത്തിനായി നിയന്ത്രണ രേഖയിലെ 15-20 ലോഞ്ച് പാഡുകളിൽ 100-120 ഭീകരരെ പാകിസ്ഥാൻ നിർത്തിയിട്ടുണ്ടെന്നാണ് ഇന്‍റലിജൻസ് വിവരം. ഉറി മേഖലയിലെ കണക്കാണിത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും പുറത്തുമുള്ള ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിന് വേണ്ടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.