ഇന്നസെന്‍റിന്‍റെ നില ഗുരുതരമായി തുടരുന്നു; ചികിത്സ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ

നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വിപിഎസ് ലേക്ഷോർ ആശുപത്രി അധികൃതർ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്‍റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കാൻസർ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്‍റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യനടനായും സ്വഭാവ നടനായും അദ്ദേഹം ശ്രദ്ധ നേടി. ഇന്നസെന്‍റിന്‍റെ അതുല്യമായ ശരീരഭാഷയും തൃശ്ശൂർ ശൈലിയിലുള്ള ഡയലോഗും അദ്ദേഹത്തിന്‍റെ മുഖമുദ്രയായി. 'ഗജകേസരിയോഗം', 'റാംജിറാവു സ്പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്പീക്കിംഗ്', 'കാബൂളിവാല', 'ദേവാസുരം', തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് കൂടിയായിരുന്നു ഇന്നസെന്‍റ്.

Related Posts