ഐ.എന്‍.എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കും. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമായി വിക്രാന്ത് വരുന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി ഇന്ത്യ മാറും. നിര്‍മാണം പൂര്‍ത്തിയാക്കിയ കൊച്ചി കപ്പല്‍ശാലയിലാണ് രാവിലെ 9.30 മുതല്‍ വിക്രാന്തിന്റെ കമ്മിഷന്‍ ചടങ്ങുകള്‍. തദ്ദേശീയമായി വിമാനവാഹിനി നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ മലയാളികള്‍ക്കും അഭിമാനിക്കാം. കാരണം 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയത് കൊച്ചി കപ്പല്‍ ശാലയിലാണ്.