ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകൾ ഒരുമിച്ച് ചേർത്ത് സെറ്റുകളാക്കി വിൽപ്പന നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് അറിയാൻ ജില്ലയിൽ വ്യാപക പരിശോധന നടത്തി. തൃശൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജുവിന്റെ നേതൃത്വത്തിൽ ജൂനിയർ സൂപ്രണ്ട് ജി ജിതിൻ, സീനിയർ ക്ലർക്ക് വി ബിബിൻപോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭാഗ്യക്കുറി കടകളിൽ പരിശോധന നടത്തിയത്. ജില്ലയിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ കൂടുതൽ സെറ്റുകളായി വിൽപ്പന നടത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നതും 12 ടിക്കറ്റുകളിൽ കൂടുതൽ സെറ്റായി വിൽപ്പന നടത്തുന്ന ഏജന്റുമാർക്കെതിരെ ഭാഗ്യക്കുറി ഏജൻസി റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. എഴുത്തു ലോട്ടറി, ലോട്ടറി മേഖലയിലെ മറ്റ് അനഭിലഷണീയ പ്രവണതകൾ എന്നിവ സംബന്ധിച്ച പരാതികൾ ഏജന്റുമാർക്കും പൊതുജനങ്ങൾക്കും 18004258474 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ www.statelottery.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഭാഗ്യക്കുറി ഓഫീസുകളിൽ നേരിട്ടോ അറിയിക്കാവുന്നതാണ്.