കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു
കൊച്ചി: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇൻസ്പെക്ടർ പി.ആർ സുനുവിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താതെയാണ് സുനുവിനെ വിട്ടയച്ചത്. സുനുവിന്‍റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിയിലെ ചില വിശദാംശങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു വിശദീകരണം. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സുനുവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തൃക്കാക്കരയിൽ ഇൻസ്പെക്ടർ ഉൾപ്പെട്ട സംഘം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കമ്മീഷണറുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ തൃക്കാക്കര പൊലീസ് കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിൽ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഇൻസ്പെക്ടറായിരിക്കെയും ബിടെക് ബിരുദധാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരാതി ഉയരുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചെങ്കിലും വീണ്ടും ജോലിയിൽ തിരിച്ചെത്തുകയായിരുന്നു.