റഷ്യയിൽ ഇൻസ്റ്റഗ്രാമിന് വിലക്ക്
മോസ്കോ: റഷ്യൻ സൈനികർക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യാൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാമിന് വിലക്കേർപ്പെടുത്തി റഷ്യ. രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഇൻസ്റ്റാഗ്രാം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയുമെന്ന് റഷ്യൻ റെഗുലേറ്റർമാർ അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള റഷ്യൻ പൗരന്മാർക്കെതിരെ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള ആഹ്വാനങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രാജ്യത്ത് വിലക്കുകയാണെന്ന് ടെലികോം റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ അറിയിച്ചു.
ഈ തീരുമാനം തെറ്റാണെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെറി ട്വീറ്റ് ചെയ്തു. "തിങ്കളാഴ്ച റഷ്യയിൽ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്യും. ഇതുവഴി റഷ്യയിലെ 90 ദശലക്ഷം ആളുകളെ പരസ്പരവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആളുകളിൽ നിന്നും അകറ്റും. റഷ്യയിലെ 80 ശതമാനം ആളുകളും രാജ്യത്തിന് പുറത്തുള്ള ഒരു ഇൻസ്റ്റഗ്രം അക്കൗണ്ടെങ്കിലും പിന്തുടരുന്നവരാണ്. ഈ തീരുമാനം തെറ്റാണ്", ആദം മൊസെറി ട്വീറ്റിൽ കുറിച്ചു.