ഇൻസ്റ്റാഗ്രാം സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു
ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇൻസ്റ്റാഗ്രാമിന്‍റെ ജനപ്രീതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ, മാതൃ കമ്പനിയായ മെറ്റ, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയുടെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം പുറത്തുവിട്ടു. ഇൻസ്റ്റാഗ്രാമിന്‍റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി(രണ്ട് ബില്യൺ) എന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അറിയിച്ചു. പ്രതിമാസം 296 കോടി (2.96 ബില്യൺ) സജീവ ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിനുള്ളത്. അതേസമയം, 200 കോടിയിലധികം ആളുകൾ ഓരോ ദിവസവും മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. 2018 ജൂണിൽ, ഇൻസ്റ്റാഗ്രാമിന്‍റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 1 ബില്യൺ കവിഞ്ഞു. നാല് വർഷത്തിന് ശേഷം, സജീവ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റാഗ്രാം വളരെയധികം മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായി. മെറ്റ കൊണ്ടുവന്ന ഈ മാറ്റങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിന് ഗുണം ചെയ്തുവെന്ന് ഉപയോക്താക്കളുടെ വർദ്ധനവ് അടിവരയിടുന്നു.