വൈറലായി ഷാരൂഖിൻ്റെ മകൾ സുഹാനയുടെ ഇൻസ്റ്റഗ്രാം ഫോട്ടോ
ജാലകത്തിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ നിറം പകരുന്ന സുവർണാന്തരീക്ഷം. എനിമൽ പ്രിൻ്റ് ഉടുപ്പിൻ്റെ ആകർഷണീയത. തോളിൽ ഊർന്നുവീണു കിടക്കുന്ന നീണ്ട മനോഹരമായ മുടിയിഴകൾ. കടും ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷ്. അലസമെങ്കിലും വശ്യതയാർന്ന മുഖഭാവം. ആരാധകരുടെ മനം കവരുന്ന ഫോട്ടോയുമായി സുഹാന ഖാൻ ഇൻസ്റ്റഗ്രാമിൽ.
ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകളാണ് സുഹാന ഖാൻ. മൂത്ത മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് മാസങ്ങളോളം ഷാരൂഖ് കുടുംബത്തെ വാർത്തകളിൽ നിറഞ്ഞ് നിർത്തിയിരുന്നു. ആര്യനേയും സുഹാനയേയും കൂടാതെ അബ്റാം എന്ന മറ്റൊരു മകൻ കൂടി ഷാരൂഖ്, ഗൗരി ദമ്പതികൾക്കുണ്ട്.
ഏതാനും വർഷങ്ങളായി അമേരിക്കയിലാണ് സുഹാന. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ആർട്സിൽ ഫിലിം സ്റ്റഡീസ് ചെയ്യുന്ന സുഹാനയുടെ ഇംഗ്ലിഷ് ഷോർട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടിരുന്നു. പഠനം കഴിഞ്ഞ് അഭിനയ മേഖലയിൽ ചുവടുവെയ്ക്കാനാണ് താരപുത്രി താത്പര്യപ്പെടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. നവംബറിൽ താൻ ന്യൂയോർക്ക് വിടുകയാണെന്ന സൂചന നൽകിക്കൊണ്ടുള്ള കുറിപ്പ് സുഹാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.