ഇൻസുലിൻ ആഴ്ചയിലൊരിക്കൽ മാത്രം, പ്രമേഹ രോഗികൾക്ക് ആശ്വാസമേകുന്ന വാർത്ത അമേരിക്കയിൽനിന്ന്

നിത്യേന ഒന്നോ രണ്ടോ തവണ എടുക്കേണ്ട ഇൻസുലിൻ ആഴ്ചയിൽ ഒരു തവണ മാത്രമായാലോ? സ്ഥിരമായി ഇൻസുലിൻ എടുക്കുന്ന പ്രമേഹ രോഗികൾക്ക് ആശ്വാസം പകരുന്ന വാർത്ത വരുന്നത് അമേരിക്കയിൽ നിന്നാണ്.

ടെക്സാസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെൻ്ററിലാണ് ഗവേഷണം നടക്കുന്നത്. ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നു എന്ന് ഗവേഷകർ പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുവരികയാണ്. വിജയിച്ചാൽ പ്രമേഹ രോഗ ചികിത്സയിൽ നിർണായകമായ വഴിത്തിരിവിന് അത് കാരണമാകും.ആഴ്ചയിൽ ഒരു തവണ മാത്രം എടുക്കേണ്ട സുരക്ഷിതവും കാര്യക്ഷമവുമായ ഇൻസുലിനാണ് വികസിപ്പിച്ചതെന്ന് ടെക്സാസ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെൻ്ററിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസറും എൻഡോക്രൈനോളജിസ്റ്റുമായ ഇൽഡിഗോ ലിങ് വേ പറഞ്ഞു.

നിത്യേന ഇൻസുലിൻ എടുക്കേണ്ടി വരുന്നത് പ്രമേഹ രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചിലർക്ക് രണ്ടോ മൂന്നോ നേരം കുത്തിവെയ്ക്കേണ്ടി വരുന്നു. എല്ലായ്പ്പോഴും കൃത്യസമയം പാലിക്കുന്നതും കൃത്യമായ അളവ് ഉറപ്പാക്കുന്നതും ഭക്ഷണത്തിൻ്റെ അളവ് ക്രമീകരിക്കുന്നതുമെല്ലാം പ്രയാസമേറിയ കാര്യമാണ്. കുത്തിവെപ്പിന് മറ്റുള്ളവരുടെ സഹായം തേടേണ്ടി വരുന്നവർക്കും ഓർമക്കുറവുള്ളവർക്കും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ അവർക്കെല്ലാം ഏറെ പ്രയോജനകരമാവും.

Related Posts