ഹിന്ദുമത വിശ്വാസത്തെ അധിക്ഷേപിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി
തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടെ നടൻ ഹിന്ദു വിശ്വാസത്തെ അപമാനിച്ചുവെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് പരിപാടിയിൽ താരം നടത്തിയ പരാമർശമാണ് സംഘപരിവാർ പ്രൊഫൈലുകൾ വിവാദമാക്കിയിരിക്കുന്നത്. കൈയ്യിൽ ചരട് കെട്ടുന്നത് മോശമാണെന്നും ശബരിമലയിലെ ശരംകുത്തിയാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. പരാമർശം ഹൈന്ദവ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നതാണ്. അതിനാൽ ഐപിസി 295 എ പ്രകാരം സുരാജിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.