രണ്ട് ഡോസ് വാക്സിൻ എടുത്ത് യു എ ഇയിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധം; എയർ ഇന്ത്യ.

ഇളവ് ആഭ്യന്തര യാത്രകൾക്ക് മാത്രം.

അബുദാബി: രണ്ട് ഡോസ് വാക്സിനെടുത്തവർക്കും യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ ടി പി സി ആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ അറിയിച്ചു. വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിമാനമിറങ്ങുമ്പോൾ ആർ ടി പി സി ആർ നെഗറ്റീവ് ഫലം നിർബന്ധമല്ലെന്നതരത്തിൽ എയർഇന്ത്യയുടെ അറിയിപ്പ് പ്രചരിച്ചിരുന്നു. അതിന് വിശദീകരണമായി എയർഇന്ത്യ രംഗത്തെത്തിയത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് ഇന്ത്യയിൽ ആഭ്യന്തര യാത്ര നടത്തുന്നവർക്ക് ആർ ടി പി സി ആർ ഫലത്തിന്റെ ആവശ്യമില്ല. വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ ടി പി സി ആർ ടെസ്റ്റ് തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ഫെബ്രുവരി 23 മുതൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ആർ ടി പിസിആർ നെഗറ്റീവ് ഫലം എയർസുവിധ പോർട്ടലിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. റിപ്പോർട്ടിന്റെ പ്രിന്റുചെയ്ത പകർപ്പ് യാത്രയിൽ കൈവശം കരുതുകയും വേണം. ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് അടിയന്തരമായി യാത്രചെയ്യുന്നവർക്ക് ആർ ടി പി സി ആർ ഫലം സമർപ്പിക്കുന്നത് ഒഴിവാക്കിനൽകണമെന്ന് അപേക്ഷിക്കാൻ എയർസുവിധയിൽ സൗകര്യമുണ്ട്.

Related Posts