കടലേറ്റത്തിൽ തകർന്ന വീടിനുള്ളിൽ കിടന്നുറങ്ങുന്ന പെൺകുട്ടി; അന്താരാഷ്ട്ര പരിസ്ഥിതി ഫോട്ടോഗ്രഫി അവാർഡ് സ്പാനിഷ് ഫോട്ടോഗ്രാഫർക്ക്
സ്പാനിഷ് ഫോട്ടോഗ്രാഫർ അന്റോണിയോ അരഗോൺ റെനുൻസിയോയെ 2021-ലെ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു. ഘാനയിലെ അഫിയാഡെനിഗ്ബ ബീച്ചിൽ നിന്നെടുത്ത ചിത്രത്തിനാണ് അന്താരാഷ്ട്ര അംഗീകാരം അൻ്റോണിയോയെ തേടിയെത്തിയത്. ഗ്ലാസ്‌ഗോയിലെ യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസായ സിഒപി 26-ലാണ് ഈ വർഷത്തെ വിജയികളെ പ്രഖ്യാപിച്ചത്.
തീരദേശത്തെ കടലേറ്റത്തിൽ തകർന്ന വീടിനുള്ളിൽ കിടന്നുറങ്ങുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഉന്നത ബഹുമതി സ്വന്തമാക്കിയത്. 'ദി റൈസിങ്ങ് ടൈഡ് സൺസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം, പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലെ സമുദ്രജലനിരപ്പിലെ ഉയർച്ചയുടെ പ്രത്യാഘാതങ്ങളെ എടുത്തുകാണിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് സമുദ്രജലനിരപ്പിലെ വർധന നിമിത്തം സ്വന്തം താമസസ്ഥലവും ഉപജീവനോപാധികളും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരാകുന്നത്. 10,000 പൗണ്ടാണ് അന്റോണിയോ അരഗോണിന് സമ്മാനമായി ലഭിക്കുക.
യുവ പരിസ്ഥിതി ഫോട്ടോഗ്രാഫറായി ഇന്ത്യക്കാരനായ അമൻ അലി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹിയിലെ യമുനാ ഘട്ടിന് അടുത്തുള്ള വനത്തിലെ കാട്ടുതീ ചിത്രീകരിച്ച 'ഇൻഫെർനോ' എന്ന ചിത്രമാണ് ബഹുമതിക്ക് അർഹമായത്. കാട്ടുതീ തല്ലിക്കെടുത്താൻ ശ്രമിക്കുന്ന ആൺകുട്ടിയുടെ ചിത്രത്തിനാണ് അംഗീകാരം.
അന്താരാഷ്ട്ര പരിസ്ഥിതി ഫോട്ടോഗ്രഫി അവാർഡ് ഇപ്പോൾ അതിന്റെ 14-ാം വർഷത്തിലാണ്. ലോകത്തിലെ ഏറ്റവും പ്രചോദനാത്മകമായ പരിസ്ഥിതി ചിത്രങ്ങളാണ് ഫോട്ടോഗ്രഫി മത്സരവേദിയിൽ തിളങ്ങുന്നത്. അതിജീവിക്കാനും നവീകരിക്കാനുമുള്ള മനുഷ്യരാശിയുടെ കഴിവിനെ ഉയർത്തിപ്പിടിക്കുകയാണ് പുരസ്കാരത്തിൻ്റെ ലക്ഷ്യം. ഇതുവഴി ഐക്യരാഷ്ട്രസഭ മുന്നോട്ടുവെയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളെയാണ് പിന്തുണയ്ക്കുന്നത്.