ലോകത്തിൻ്റെ ഹൃദയം കവർന്ന് മിറ സിങ്ങ്, ദുബൈ എക്സ്പോ ഉദ്ഘാടന വേദിയിൽ സുവർണ താരമായി ഇന്ത്യൻ വംശജ
ലോകം കണ്ണിമയ്ക്കാതെ കണ്ടുനിന്നു, മിറ സിങ്ങ് എന്ന പതിനൊന്നുകാരി പെൺകുട്ടിയെ. ഇന്തോ-ബെലറൂസിയൻ മാതാപിതാക്കൾക്ക് പിറന്ന ആ സുന്ദരിക്കുട്ടി അക്ഷരാർഥത്തിൽ ലോകത്തിൻ്റെ ഹൃദയം കീഴടക്കുകയായിരുന്നു. വാൾട്ട് ഡിസ്നി കഥകളിലെ കിലുക്കാംപെട്ടിയെപ്പോലെ, അത്ഭുത ലോകത്തെ ആലീസിനെപ്പോലെ അവൾ ചലിച്ചപ്പോൾ, അനന്ത വിസ്മയങ്ങളുടെയും സഹസ്രാത്ഭുതങ്ങളുടെയും ലോകമായ ദുബൈ എക്സ്പോ വേദി ആഹ്ലാദാരവങ്ങൾ കൊണ്ട് നിറയുകയായിരുന്നു. അതിഗംഭീരമായ തുടക്കം. അവിസ്മരണീയമായ പ്രകടന മികവ്.
ദുബൈ എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിലാണ് മിറ സിങ്ങ് എന്ന പെൺകുട്ടി വേദിയിൽ എമിറേറ്റുകളുടെ കവിത രചിച്ചത്. കടുത്ത പിങ്ക് നിറത്തിലുള്ള കമനീയമായ ഉടുപ്പും പരമ്പരാഗത എമിറേറ്റി സ്വർണാഭരണങ്ങളുമണിഞ്ഞ് മിറ വേദിയിൽ നിന്നപ്പോൾ ഇൻ്റർനെറ്റിലൂടെയും ലോകം മുഴുവനുമുള്ള ടെലിവിഷൻ ചാനലുകളിലൂടെയും ദശലക്ഷങ്ങളാണ് അവളുടെ ചലനങ്ങൾക്ക് ഹൃദയതാളം പകർന്നത്.
ഇന്ത്യക്കാരനായ ജിതേന്ദ്ര സിങ്ങിൻ്റേയും ബെലറൂസിയക്കാരി സിവിയത്തയുടേയും മകൾ ഒരു പകർന്നാട്ടത്തിലൂടെ 'എമിറേറ്റി' പെൺകുട്ടിയായി മാറുന്നതിനാണ് ദുബൈ പിന്നീട് സാക്ഷ്യം വഹിച്ചത്. പ്രശസ്തമായ സാറുഖ് അൽ ഹദീദ് പുരാവസ്തു ശേഖരത്തിൽ നിന്നുള്ള, ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള 'ഗോൾഡൻ റിങ്ങ് ' അഥവാ സുവർണ വളയം കൈയിലെടുത്ത് മുത്തച്ഛൻ അവൾക്ക് മഹത്തായ എമിറേറ്റുകളുടെ സമ്പന്നമായ ചരിത്ര പാരമ്പര്യങ്ങളുടെയും പൗരാണിക നാഗരികതകളുമായുള്ള ബന്ധങ്ങളുടെയും കഥകൾ പറഞ്ഞു കൊടുത്തു. പൂക്കളും ചിത്രശലഭങ്ങളും വേദിയിൽ പാറിപ്പറന്നു. മുന്നൂറ്ററുപത് ഡിഗ്രിയിൽ സാങ്കേതിക വിദ്യയുടെ വിസ്മയങ്ങൾ ചിറകു വിടർത്തിയാടി. നാനാവിധത്തിലുള്ള വർണക്കാഴ്ചകൾ പടർന്നു. നിറങ്ങളുടെയും പ്രതീക്ഷയുടെയും പ്രകാശത്തിൻ്റെയും വിസ്മയ കാഴ്ചകളിലേക്ക് അവൾക്കൊപ്പം ലോകവും ചുവടുവെയ്ക്കുകയായിരുന്നു.
യു എ ഇ ദേശീയ ദിനത്തിലടക്കം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് കൗമാരത്തിലേക്ക് കടന്നിട്ടില്ലാത്ത ഈ കലാകാരി. ജെ എസ് എസ് ഇൻ്റർനാഷണൽ സ്കൂളിലാണ് മിറ പഠിക്കുന്നത്. നൂറുകണക്കിന് കുട്ടികളിൽ നിന്നാണ് എക്സ്പോയുടെ ഉദ്ഘാടനച്ചടങ്ങിൽ 'എമിറേറ്റി' പെൺകുട്ടിയായി വേഷമിടാൻ അവൾ തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും ആകർഷണീയമായ മേളയുടെ ഉദ്ഘാടന ചടങ്ങിൽ പെർഫോം ചെയ്യുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ലോകത്തെ പ്രമുഖരായ വ്യക്തിത്വങ്ങളും രാഷ്ട്ര നേതാക്കളും സെലിബ്രിറ്റികളും പങ്കെടുക്കുന്ന ആഗോള മാമാങ്കത്തിൻ്റെ ഭാഗമായതിൻ്റെ ആവേശത്തിലാണ് മിറ. ഭരതനാട്യം മുതൽ ബാലെ വരെ, ഹിപ് ഹോപ്പു മുതൽ ഹോപക് വരെ...എല്ലാത്തരം നൃത്തരൂപങ്ങളിലും കുട്ടിക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. ആറു വയസ്സു മുതൽ അമ്മ സിവിയത്ത കുട്ടികളുടെ റാംപ് വോക്കിന് കൊണ്ടുപോയതായി മകൾ സാക്ഷ്യപ്പെടുത്തുന്നു.
നൃത്തത്തിൽ മാത്രമല്ല മിറയുടെ മികവ്. ചിത്രങ്ങൾ വരയ്ക്കും. പിയാനോ വായിക്കും. സിനിമയിൽ അഭിനയിക്കണമെന്നും ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി അടുത്തിടപഴകണമെന്നും ആഗ്രഹിക്കുന്ന മിറയുടെ മോഹങ്ങൾക്കും അതിരുകളില്ല. മക്ഡൊണാൾഡ്, ജിഎംസി, ഔഡി, ബിഎംഡബ്ല്യു അടക്കമുള്ള വമ്പൻ ബ്രാൻഡുകളുടെയും ഐക്കിയ, ട്രിയാനോ, ലെവൽ കിഡ്സ് തുടങ്ങിയ സ്റ്റോറുകളുടെയും പരസ്യ ചിത്രങ്ങളിലും കുട്ടി അഭിനയിച്ചിട്ടുണ്ട്.
എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാനുള്ള ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ തങ്ങൾ ലോകത്തിൻ്റെ നെറുകയിൽ എത്തിയ ആഹ്ലാദത്തിലാണെന്ന് കുടുംബം പറയുന്നു. അതി ദീർഘമായ പ്രക്രിയയായിരുന്നു അതെന്ന് അച്ഛൻ ജിതേന്ദ്ര സിങ്ങ്. എക്സ്പോയുടെ സംഘാടകർ ഉദാര മനസ്സുള്ളവരാണ്. അവർ വളരെയധികം സഹകരിച്ചു. കുട്ടിയുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ റിഹേഴ്സൽ ക്രമീകരിച്ചു. വീക്കെൻഡുകളിലും മറ്റു ദിവസങ്ങളിൽ രാത്രി വളരെ വൈകിയും റിഹേഴ്സൽ നീണ്ടു. വൈകീട്ട് 4.30 ന് തുടങ്ങുന്ന റിഹേഴ്സൽ രാത്രി 11 മണി വരെ നീണ്ടു പോയ ദിവസങ്ങളുണ്ടെന്ന് മിറ പറയുന്നു.
കഠിനമായ പ്രയത്നത്തിനും ആത്മാർഥമായ പരിശ്രമത്തിനും ഫലമുണ്ടായതിൻ്റെ ആഹ്ലാദത്തിലാണ് കുഞ്ഞു മിറ. ന്യൂയോർക്കിലെ ടൈം സ്ക്വയർ ഉൾപ്പെടെ ലോകത്തെ പ്രമുഖ ലാൻ്റ്മാർക്കുകളിൽ കുട്ടിയുടെ ചിത്രം തെളിഞ്ഞപ്പോൾ തങ്ങൾ ആനന്ദക്കണ്ണീർ പൊഴിച്ചെന്ന് കുടുംബം പറയുന്നു. മിറ വേദിയിലണിഞ്ഞ മനോഹരമായ ഉടുപ്പിൻ്റെ മൂന്നോ നാലോ ജോഡി സംഘാടകർ ഏല്പിച്ചിരുന്നതായി അമ്മ സിവിയത്ത ഓർമിക്കുന്നു. 20,000 ഡോളറാണ് ഒരു ജോഡിക്ക് വില വരുന്നത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏതാണ്ട് 15 ലക്ഷം രൂപ! ഒന്നിനും ഒരു കുറവും സംഘാടകർ വരുത്തിയില്ല. അർമാൻ സിങ്ങ് ആണ് മിറയുടെ സഹോദരൻ. ജൂനിയർ ഗോൾഫ് പ്ലേയറാണ് അർമാൻ.
എന്തായാലും ലോകം അംഗീകരിച്ചതിൻ്റെ ആനന്ദത്തിലാണ് പ്രകാശം പരത്തുന്ന ഈ പെൺകുട്ടി. ഇറ്റാലിയൻ ഓപ്പറ കലാകാരൻ ആൻഡ്രേയ ബോചെല്ലി, പ്രമുഖ ബ്രിട്ടീഷ് ഗായിക എല്ലി ഗൂൾഡിങ്ങ്, ആഗോള തലത്തിൽ ശ്രദ്ധേയയായ ബെനിനീസ് അഭിനേത്രി ആഞ്ജലീക്ക കീജോ, അമേരിക്കൻ പാട്ടെഴുത്തുകാരിയും ഗായികയുമായ കസാൻഡ്ര മോണിക്ക ബാറ്റി എന്ന ആൻഡ്ര ഡേ തുടങ്ങി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾക്കൊപ്പമാണ് വേദി പങ്കിട്ടത്.
ലോകമേളയുടെ ഗ്രാൻ്റ് ഐക്കണായി മാറിയെങ്കിലും എക്സ്പോയിലെ അത്ഭുതക്കാഴ്ചകളൊന്നും ആസ്വദിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് പെൺകുട്ടി പറയുന്നു. വീക്കെൻഡുകളിൽ അവിടെ പോകണം. ഒരു സാധാരണ സന്ദർശകയായി വിവിധ പവലിയനുകളിൽ ചുറ്റിക്കറങ്ങണം. ആഗോള അനുഭവങ്ങളും ആഗോള രുചിയും ആവോളം ആസ്വദിക്കണം. ഈ ലോകാത്ഭുതത്തിൻ്റെ ഭാഗമാകണം. അഞ്ച് പവലിയനുകൾ സന്ദർശിക്കണമെന്ന ആഗ്രഹവും അവൾ പങ്കുവെയ്ക്കുന്നു. ആദ്യത്തേത് രണ്ടും അച്ഛൻ്റേയും അമ്മയുടെയും നാടുകളായ ഇന്ത്യയും ബെലറൂസും തന്നെ. ഒപ്പം റഷ്യൻ, ഈജിപ്ഷ്യൻ, ചൈനീസ് പവലിയനുകളും.
നോക്കൂ, ലോകത്തിന് നൽകാൻ ഒരു കുഞ്ഞ് ഉപദേശം കൂടിയുണ്ട് ഈ കൊച്ചു പെൺകുട്ടിയുടെ കൈയിൽ. വേറൊന്നുമല്ല, എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ സ്വപ്നത്തെ വിടാതെ പിന്തുടരണം. മറ്റുള്ളവർ പറയുന്നതൊന്നിനും ചെവി കൊടുക്കരുത്. ഏകാഗ്രതയോടെ, നിശ്ചയ ദൃഢതയോടെ ആ സ്വപ്നത്തിന് പിറകേ സഞ്ചരിക്കണം. ലോകം മുഴുവൻ ആ സ്വപ്നത്തിൻ്റെ പിറകേ വരും.