അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യയിൽ വീണേക്കാം: അമേരിക്കൻ ഉപരോധത്തിനെതിരെ ആഞ്ഞടിച്ച് റഷ്യൻ ബഹിരാകാശ മേധാവി

അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ എസ് എസ്) റഷ്യൻ പങ്കാളിത്തം അവസാനിപ്പിക്കാൻ ഇടയുള്ളതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ്. ഉക്രയ്‌നെ ആക്രമിച്ചതിന് റഷ്യയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

നിലവിൽ, നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമൻ ബഹിരാകാശയാത്രികനുമാണ് സ്പേസ് സ്റ്റേഷനിൽ ഉള്ളത്. റഷ്യയുമായുള്ള സഹകരണം തടഞ്ഞാൽ പ്രവർത്തനം തടസ്സപ്പെടാം. അനിയന്ത്രിതമായ ഭ്രമണപഥത്തിൽ നിന്ന് ആരാണ് ഐ എസ് എസിനെ രക്ഷിക്കുകയെന്ന് റോസ്‌കോസ്മോസ് ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ ട്വീറ്റ് ചെയ്തു.

പ്രവർത്തനം നിലച്ചാൽ ബഹിരാകാശനിലയം അമേരിക്കയിലോ യൂറോപ്പിലോ വീഴും. 500 ടൺ ഭാരമുള്ള ഐ എസ് എസ് ഇന്ത്യയിലോ ചൈനയിലോ വീഴാനുള്ള സാധ്യതയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാധ്യത ഉപയോഗിച്ച് ഇന്ത്യയെയോ ചൈനയെയോ ഭീഷണിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടോ എന്ന് റോഗോസിൻ ചോദിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയം റഷ്യയ്ക്ക് മുകളിലല്ല. അതിനാൽ എല്ലാ അപകടസാധ്യതയും നിങ്ങൾക്കാണ്. നേരിടാൻ അമേരിക്ക തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.

Related Posts