മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മാതൃകാപരം: മന്ത്രി കെ രാധാകൃഷ്ണന്‍.
വരന്തരപ്പിള്ളി:
മലയോര മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വരന്തരപ്പിള്ളി പഞ്ചായത്തിലെ പട്ടിക വര്‍ഗ മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനുള്ള വിദ്യാതരംഗം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്ന ഈ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് തടസമില്ലാതെ ഏറ്റവും ആധുനിക രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കിപ്പറമ്പ് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്ത ആമ്പല്ലൂര്‍ ഡിവിഷനിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര പട്ടികവര്‍ഗ്ഗ പ്രദേശങ്ങളില്‍ സുഗമമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ വിദ്യാരംഗം പദ്ധതി രൂപീകരിച്ചത് ജില്ലാ പഞ്ചായത്ത് ആണ്. പഞ്ചായത്തിലെ കുണ്ടായി ചക്കിപ്പറമ്പ് എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാവശ്യത്തിനാണ് 2.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കിയത്. അറുപതോളം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.
ഈ പ്രദേശത്ത് ആറര കിലോമീറ്റര്‍ ദൂരം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിട്ട് സൗജന്യ വൈഫൈ സ്പോട്ടുകള്‍ സ്ഥാപിച്ചാണ് ഓണ്‍ലൈന്‍ പഠന കാലയളവിലേക്ക് ആവശ്യമായ അതിവേഗ കണക്ടിവിറ്റി ലഭ്യമായിരിക്കുന്നത്. പഠനത്തിനും വാര്‍ത്താ വിനിമയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരു പോലെ സഹായകരമാകുന്ന പദ്ധതിയാണിത്.
കൊവിഡ് പ്രതിസന്ധി വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച സ്തംഭനാവസ്ഥയ്ക്ക് പരിഹാരമായി പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ പഠനം ചില പ്രദേശങ്ങളില്‍ നെറ്റ്വർക്കിന്റെ പര്യാപ്തതമൂലം വേണ്ടത്ര സാധ്യമാകുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരിച്ചത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, സെക്രട്ടറി കെ ജി തിലകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത സുധാകരന്‍, വൈസ് പ്രസിഡണ്ട് ജലീല്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ഇ ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.