"അകത്തുള്ളവർ" ഇതേവരെ അംഗീകരിച്ചിട്ടില്ല, മുഴുവൻ കടപ്പാടും പ്രേക്ഷകരോട്: ബോളിവുഡ് താരം തപ്സി പന്നു

ചലച്ചിത്ര മേഖലയ്ക്ക് അകത്തുള്ളവർ അഥവാ "ഇൻസൈഡേഴ്സ് " ഒരിക്കലും തന്നെ അംഗീകരിച്ചിട്ടില്ലെന്നും താനത് പ്രതീക്ഷിക്കുന്നില്ലെന്നും പ്രശസ്ത ബോളിവുഡ് അഭിനേത്രി തപ്‌സി പന്നു. സിനിമാ വ്യവസായത്തിന് പുറത്തുനിന്നുള്ളവർ അകത്തുള്ളവരെക്കാൾ താഴ്ന്നവരാണെന്ന് താൻ കരുതുന്നില്ല.

പുറത്തുനിന്നുള്ളവരെ അകത്തു നിന്നുള്ളവരെക്കാൾ കുറഞ്ഞയാളായി താൻ ഒരിക്കലും കണ്ടിട്ടില്ല. അകത്ത് നിന്നോ പുറത്തുനിന്നോ എന്നത് വിജയം ഉറപ്പുനൽകുന്നില്ല. ഇൻസൈഡറാണോ ഔട്ട്സൈഡറാണോ എന്നത് പ്രേക്ഷകർ കണക്കിലെടുക്കുന്നില്ല. സിനിമ നല്ലതാണോ അഭിനയം മികച്ചതാണോ തുടങ്ങിയ കാര്യങ്ങളാണ് അവർ നോക്കുന്നത്. അതിനാൽ, ഇതുവരെ, തന്റെ സിനിമകൾ വിജയിച്ചിട്ടുണ്ടെങ്കിൽ അത് പ്രേക്ഷകർ ഇഷ്ടപ്പെട്ടതുകൊണ്ടും അംഗീകരിച്ചതുകൊണ്ടുമാണ്. അല്ലാതെ അകത്തുള്ളവർ അതിനെ സാധൂകരിച്ചതുകൊണ്ടല്ല. താൻ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നതിനുള്ള മുഴുവൻ കടപ്പാടും പ്രേക്ഷകരോടാണ്. അവർ പോയി സിനിമയ്ക്ക് പണം മുടക്കി ടിക്കറ്റുകൾ വാങ്ങിയാണ് അവ ഹിറ്റാക്കിയത്- ഒരു സിനിമാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തപ്സി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണശേഷമാണ് ബോളിവുഡിൽ 'ഇൻസൈഡർ-ഔട്ട് സൈഡർ' സംവാദങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെടുന്നത്.ഈ വർഷം ജനുവരിയിൽ തുടങ്ങിയ തന്റെ നിർമാണ കമ്പനിക്ക് തപ്സി നൽകിയ പേര് ഔട്ട്സൈഡേഴ്സ് ഫിലിംസ് എന്നാണ്.

'ആടുകളം', 'പിങ്ക് ', 'മൻമർസിയാൻ', 'ബദ്ല', 'മിഷൻ മംഗൾ', 'സാന്ദ് കി ആംഖ് ', 'തപ്പഡ് ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് തപ്സി പന്നു. മമ്മൂട്ടി ചിത്രമായ 'ഡബിൾസി'ലൂടെ മലയാളത്തിലും മുഖം കാണിച്ചിട്ടുണ്ട്. രണ്ടു തവണ ഫിലിം ഫെയർ അവാർഡ് നേടിയ തപ്സി ഫോബ്സിൻ്റെ സെലിബ്രിറ്റി 100 പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

Related Posts