മുള്ളങ്കി കൃഷിയെ മണപ്പുറത്തിന് പരിചയപ്പെടുത്തി; വലപ്പാട് കാമധേനു ക്ഷീര സംഘം
തൃശൂർ: വലപ്പാട് കാമധേനു ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോട് കൂടി നടന്ന മുള്ളങ്കി കൃഷിയുടെ വിളവെടുപ്പ് വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബി കെ മണിലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുധീർ പട്ടാലിയും പ്രമുഖ കർഷകനായ ഷിബു നമ്പട്ടിയും മുഖ്യാതിഥികളായി. മണപ്പുറത്തിന് പരിചയമില്ലാത്തതും ഗുണങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്നതുമായ മുള്ളങ്കിയെ വലപ്പാടിന് പരിചയപ്പെടുത്തുന്നതിൽ കാമധേനു സംഘം സെക്രട്ടറി കെ ബി ഹനീഷ് കുമാർ മുഖ്യ സാരഥ്യം വഹിച്ചു.
വലപ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി പൊലീസ് കെഡറ്റ്സിന്റെ 'കുഴിയും കുഴിയാനയും കുഞ്ഞുണ്ണി കൂട്ടവും' എന്ന കൃഷി പദ്ധതിയുടെ ഭാഗമായുള്ള ഗ്രോബാഗിലെ കൃഷിക്ക് ഇഞ്ചി വിത്തുകൾ കെഡറ്റ്സ് ഓഫീസർ വലപ്പാട് സ്കൂൾ അധ്യാപിക ഡാഗി ടീച്ചർക്ക് കൈമാറി. ചോദ്യവും ഉത്തരവും ആയി പുരോഗമിക്കുന്ന ഈ പ്രോജക്ടിലുണ്ടായ ചോദ്യങ്ങൾ
1. കഴിഞ്ഞ 3 നേരം നിങ്ങൾ കഴിച്ച ഭക്ഷണം എന്ത്
2. ഇതിൽ നിങ്ങളുടെ പുരയിടത്തിൽ നിന്ന് ശേഖരിച്ച ഏത് പച്ചക്കറിയാണ് ഉണ്ടായിരുന്നത്.
രണ്ടാമത്ത ചോദ്യത്തിന് അവർ പറയുന്ന ഉത്തരങ്ങളായിരിക്കും അവരുടെ പഠനത്തിൻ്റെ ആധാരമാകാൻ പോകുന്നത്.
ഈ പഠനസംവിധാനത്തേയും അതുവഴി രൂപപ്പെടാവുന്ന ഉത്പാദനപദ്ധതിയേയും മുന്നോട്ടുകൊണ്ടുപോവുക രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരങ്ങളുടെ ബാഹുല്യമായിരിക്കും. ഉത്തരങ്ങളുടെ എണ്ണം കൂടുമ്പോൾ പഠനസംവിധാനത്തിൻ്റെയും പദ്ധതിയുടേയും വ്യാപ്തി വർദ്ധിക്കും. അവർക്കാവശ്യമായ പച്ചക്കറികൾ വീട്ടിലും സ്കൂളിലും സമൂഹത്തിലും ഉൽപ്പാദിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അവർക്ക് ബോദ്ധ്യപ്പെടാനും അതിനാവശ്യമായി എന്തെല്ലാം ചെയ്യാം? എങ്ങനെ ചെയ്യാമെന്ന് അവരെ ചിന്തിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ പദ്ധതി.