ഉക്രയ്ൻ ആക്രമണം ആസന്നമായെന്ന് അമേരിക്ക

ദിവസങ്ങൾക്കുള്ളിൽ ഉക്രയ്നിൽ റഷ്യൻ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്ക. ഉക്രയ്ൻ തലസ്ഥാനമായ കീവിനെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു.

ഉക്രയ്ൻ അതിർത്തിയിൽ നിന്നുള്ള സേനാ പിൻമാറ്റത്തെ ചൊല്ലിയുള്ള റഷ്യയുടെ അവകാശവാദങ്ങളെല്ലാം തളളിക്കൊണ്ടാണ് അമേരിക്കൻ പ്രസിഡണ്ടിൻ്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് വന്നിരിക്കുന്നത്.

മ്യൂണിച്ചിൽ നടക്കുന്ന സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജ്യം വിടരുതെന്ന് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലനസ്കിയോട് അമേരിക്കൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ആക്രമണത്തിന് തക്ക സമയം നോക്കിയിരിക്കുകയാണ് റഷ്യ. ഉക്രയ്ൻ ആക്രമണത്തെ ന്യായീകരിക്കാൻ റഷ്യ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ജോ ബൈഡൻ ആരോപിച്ചു.

ആക്രമണം ഒഴിവാക്കാനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നതായി ബൈഡൻ വ്യക്തമാക്കി. യുദ്ധമുണ്ടായാൽ അത് റഷ്യയ്ക്ക് വൻ ദുരന്തമായിരിക്കും സമ്മാനിക്കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Posts