ഐ ഫോൺ 13 സെപ്റ്റംബർ 14 ന് പുറത്തിറങ്ങും; ടെക് ലോകം കാത്തിരിക്കുന്ന കാലിഫോർണിയ സ്ട്രീമിങ്ങിൻ്റെ വിശേഷങ്ങൾ.

ഈ വർഷം ഐ ഫോൺ 13 ൻ്റെ പുതിയ നാലു മോഡലുകൾ അവതരിപ്പിക്കും- ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്സ്.

കാലിഫോർണിയയിലെ കൂപ്പർടിനോയിലുള്ള ആപ്പിളിൻ്റെ ആസ്ഥാനത്ത് സെപ്റ്റംബർ 14 ന് നടക്കുന്ന ഐ ഫോൺ ലോഞ്ച് ലോകശ്രദ്ധ ആകർഷിക്കും. കാലിഫോർണിയ സ്ട്രീമിങ്ങ് എന്നാണ് പരിപാടിക്ക് ആപ്പിൾ നൽകിയിട്ടുള്ള പേര്.

2007 ൽ ആദ്യത്തെ ഐ ഫോൺ ഇറങ്ങിയതുമുതൽ ഓരോ വർഷവും സെപ്റ്റംബറിലാണ് ആപ്പിൾ പുതിയ ഫോണുകൾ പുറത്തിറക്കുന്നത്. ഈ വർഷം ഐ ഫോൺ 13 ൻ്റെ പുതിയ നാലു മോഡലുകൾ അവതരിപ്പിക്കും- ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്സ്.

കാഴ്ചയ്ക്ക് ഐ ഫോൺ 12 നെപ്പോലെ തന്നെയാവും പുതിയ എഡിഷനും എന്നാണ് കരുതുന്നത്. വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. എന്നാൽ പ്രോ വേർഷനിൽ ചെറിയ നോച്ചും ഉയർന്ന റിഫ്രഷ് റേറ്റും പ്രത്യേകതയാവും. കൂടുതൽ കരുത്താർന്ന ബാറ്ററിയും റിവേഴ്സ് വയർലസ് ചാർജിങ്ങും മെച്ചപ്പെട്ട ക്യാമറയുമാണ് മറ്റു സവിശേഷതകൾ.

ചിപ് സെറ്റുകൾക്ക് ക്ഷാമവും ഉത്പാദനച്ചെലവിൽ വർധനവും ഉണ്ടെങ്കിലും വിലയിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കുന്നില്ല. ശക്തരായ എതിരാളികൾ ഇല്ലെങ്കിലും സാംസങ്ങ് ഗാലക്സി സെഡ് ഫോൾഡബിൾ എഡിഷനും ഗൂഗിളിൻ്റെ പിക്സൽ 6 സീരീസും ഇത്തവണ കനത്ത വെല്ലുവിളി ഉയർത്തും എന്ന് പറയപ്പെടുന്നു.

ഗാലക്സി സെഡ് ഫോൾഡ് 3, ഫ്ലിപ്പ് 3 മോഡലുകൾക്ക് ലഭിച്ച വമ്പിച്ച വിപണി സ്വീകാര്യത ആപ്പിളിനുമേൽ സമ്മർദം ഏറ്റിയിട്ടുണ്ട്.

ആപ്പിൾ വാച്ച് സീരീസ് 7 ആണ് ലോകം കാത്തിരിക്കുന്ന മറ്റൊരു ഉത്പന്നം. 2014 ൽ ലോഞ്ച് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ ഡിസൈനിൽ ഉണ്ടാവും എന്നാണ് കരുതുന്നത്. പുതിയ സീരിസിൽ 41 എം എം, 45 എം എം വലിപ്പത്തിലുള്ള വാച്ചുകളാണ് എന്ന സൂചനയുണ്ട്. ഐ പാഡ് മിനി 6, എയർപോഡ് 3 എന്നിവയും ലോഞ്ച് ചെയ്തേക്കും. എന്നാൽ സെപ്റ്റംബർ 14 ലെ പരിപാടിയിൽ മാക് ലൈനപ്പ് അവതരിപ്പിക്കാൻ സാധ്യതയില്ല. അതിനായി പ്രത്യേക പരിപാടി നടത്തും എന്നാണ് റിപ്പോർട്ടുകൾ.

Related Posts