ഐ പി എൽ താര ലേലം; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ടേബിളിൽ ഷാരൂഖിന് പകരം ആര്യനും സുഹാനയും
ഐ പി എൽ താരലേലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനിധീകരിച്ച് ഷാരൂഖ് ഖാന് പകരം എത്തിയത് മക്കളായ ആര്യൻ ഖാനും സുഹാന ഖാനും. ഷാരൂഖ് ചടങ്ങിൽ പങ്കെടുത്തില്ല. ജൂഹി ചാവ്ളയുടെ മകൾ ജാഹ്നവി മേഹ്ത്തയും ചടങ്ങിൽ സംബന്ധിച്ചു.
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അകപ്പെട്ടതിനെത്തുടർന്ന് മാസങ്ങളോളം മാധ്യമ വിചാരണ നേരിട്ട ആര്യൻ ഖാൻ്റെ സാന്നിധ്യം ചടങ്ങിന് സ്റ്റാർ വാല്യു നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ തവണത്തെ ലേലത്തിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ടേബിളിൽ ആര്യൻ സന്നിഹിതനായിരുന്നു. എന്നാൽ ആദ്യമായാണ് ഷാരൂഖിൻ്റെ മകൾ സുഹാന കമ്പനിയെ പ്രതിനിധീകരിക്കുന്നത്.
ഷാരൂഖ് ഖാൻ്റെയും ജൂഹി ചാവ്ളയുടെയും സംയുക്ത ഉടമസ്ഥതയിൽ ഉള്ളതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ജൂഹിയുടെ 19 കാരിയായ മകൾ ജാഹ്നവി മേഹ്ത്ത കഴിഞ്ഞ തവണയും ലേലത്തിൽ പങ്കെടുത്തിരുന്നു. എറ്റവും പ്രായം കുറഞ്ഞ ബിഡ്ഡർ എന്ന നിലയിൽ കഴിഞ്ഞ ലേലത്തിലെ ശ്രദ്ധാ കേന്ദ്രം ജാഹ്നവി ആയിരുന്നു.