രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇറാഖിൽ പുതിയ സര്‍ക്കാറിന് അംഗീകാരം

ബാഗ്ദാദ്: ഒരു വർഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഇറാഖിൽ പുതിയ സർക്കാർ. ഇറാഖിന്‍റെ പുതിയ പ്രസിഡന്‍റായി മുഹമ്മദ് ഷിയ അൽ സുഡാനി (52) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ സർക്കാരിന് മന്ത്രിസഭ അംഗീകാരം നൽകി. 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് ഷിയാ അൽ സുഡാനി കഴിഞ്ഞ ഇറാഖി സർക്കാരിൽ മനുഷ്യാവകാശ മന്ത്രിയായും തൊഴിൽ, സാമൂഹികകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. "പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെ സർക്കാർ ദേശീയ അസംബ്ലിയുടെ വിശ്വാസം നേടിയിരിക്കുന്നു" അദ്ദേഹത്തിന്‍റെ ഓഫീസ് വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 253 നിയമസഭാംഗങ്ങളിൽ ഭൂരിഭാഗവും 21 മന്ത്രിമാരുടെ നിയമനം അംഗീകരിച്ചു. എന്നാൽ, നിർമ്മാണ, ഭവന നിർമ്മാണ മന്ത്രാലയത്തിലെയും പരിസ്ഥിതി മന്ത്രാലയത്തിലെയും കാബിനറ്റ് വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പു നടന്നതു മുതൽ ഇറാഖിൽ രാഷ്ട്രീയ അനിശ്ചിതത്വം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ അൽ സുഡാനി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇറാഖിലെ ഷിയാ വിഭാഗത്തിന്‍റെ നേതാവ്, പുരോഹിതനായ മുഖ്താദ അല്‍ സദര്‍ പ്രതിഷേധിച്ചു. മുഖ്താദ അല്‍ സദറിന്‍റെ അനുയായികൾ രണ്ട് തവണ ഇറാഖി പാർലമെന്‍റിൽ അതിക്രമിച്ചു കയറിയിരുന്നു. ഒടുവിൽ, മുഖ്താദ അല്‍ സദര്‍ പുതിയ സർക്കാരിൽ ചേരുന്നതിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വരികയും അൽ സുഡാനി മന്ത്രിസഭ രൂപീകരിക്കുകയും അംഗീകാരം തേടുകയുമായിരുന്നു.