ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പരിധിയിലുള്ള ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സെമിനാർ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്‌ഘാടനം ചെയ്തു .
മുൻ എംപി സാവിത്രി ലക്ഷ്മണൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്ററായ കെ ആർ സത്യപാലൻ, ബിആർസി അധ്യാപികയായ രമ്യ തോമസ് എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം നന്തിക്കര ജി.വി.എച്ച്.എസ് സ്കൂളിലെ ഗോപിക അഭിലാഷ്, രണ്ടാം സ്ഥാനം ആനന്ദപുരം എസ്.കെ.എച്ച്.എസ് സ്കൂളിലെ ഗൌരി മേനോൻ, മൂന്നാം സമ്മാനം പറപ്പൂക്കര പി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീനന്ദ കെ.ബി എന്നിവർ കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം വഹിച്ചവർക്ക് സൈക്കിൾ, സ്മാർട്ട് വാച്ച്, ബാഗ് കിറ്റ് എന്നീ ക്രമത്തിലും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനത്തോടൊപ്പം വൃക്ഷത്തൈയും പുസ്തകങ്ങളും നൽകി.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ വലിയാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ബ്ലോക്ക് ഡിവിഷന്‍ മെമ്പർമാരായ കെ എസ് രമേഷ്, റീന ഫ്രാന്‍സിസ്, കവിത സുനിൽ, ഷീന രാജന്‍, അമിത മനോജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി കിഷോർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി ജിനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.