ഓണച്ചന്ത ഒരുക്കി ഇരിങ്ങാലക്കുട നഗരസഭയും
ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ഓണച്ചന്തകൾ തുടങ്ങി. ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ഓണചന്തകൾ വഴി ലഭ്യമാക്കും.
കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടി കോർപ്പ് , വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ നഗരസഭ പരിധിയിൽ സെന്റ് ജോസഫ്സ് കോളജിന് അടുത്തുള്ള കൃഷിഭവനിലും മൂർക്കനാട് ആലുംപറമ്പിലുമാണ് ഓഗസ്റ്റ് 25 മുതൽ 28 വരെ ഓണചന്തകൾ രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കുക.
വൈസ് - ചെയർമാൻ ടി വി ചാർലി അധ്യക്ഷനായി. കൃഷി അസി. ഡയറക്ടർ എസ് മിനി പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , കൃഷി ഓഫീസർ എം കെ ഉണ്ണി, കൃഷി അസിസ്റ്റന്റ് എം എസ് ഹാരീസ്, അർബൻ മാർക്കറ്റ് പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.