ഐഎസ് ആക്രമണം; ഇറാഖിലും സിറിയയിലും നിരവധി മരണം
ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഐഎസ് ആക്രമണം. ഇറാഖി സൈനിക ബാരക്കിന് നേരെ നടത്തിയ ആക്രമണത്തില്‍ ഉറങ്ങിക്കിടന്ന 11 സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഏറ്റവും വലിയ ജയിലില്‍ നിന്ന് ഭീകരവാദികളെ പുറത്തിറക്കാനായി നടത്തിയ ആക്രമണത്തില്‍ 18 പേരും കൊല്ലപ്പെട്ടു. ബാഗ്ദാദിന് 73 മൈല്‍ അകലെയുള്ള അല്‍ അസിം ജില്ലയിലെ പട്ടാള കേന്ദ്രത്തിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഐഎസ് വെടിവെപ്പ് നടത്തിയത്. ഉറങ്ങിക്കടന്ന പട്ടാളക്കാര്‍ക്ക് നേരെയാണ് പുലര്‍ച്ചെ മൂന്നോടെ ആക്രമണമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 10 സൈനികരും ഒരു ലെഫ്റ്റനന്റുമാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ഇറാഖി സൈന്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
സിറിയയിലും ഐഎസ് ആക്രമണം നടത്തി. ഐഎസ് ഭീകരരെ താമസിപ്പിച്ച ഗെയ്‌റാന്‍ ജയിലില്‍ ഭീകരരെ മോചിപ്പിക്കാനായി നൂറോളം ഐഎസ് ഭീകരര്‍ ജയില്‍ ആക്രമിച്ചു. ആക്രമണത്തില്‍ 18 കുര്‍ദിഷ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. 16 ഐഎസ് ഭീകരരും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂവായിരത്തോളം ഐഎസ് ഭീകരരെ പാര്‍പ്പിച്ച ജയിലിന് നേരെയാണ് ആക്രമണമുണ്ടായത്.