നിറകാഴ്ചകളിൽ നിറം ഒരു പ്രശ്നമോ അഭിരാമി കൃഷ്ണൻ പറയുന്നു
ഫാഷൻ ലോകത്തിന്റെ നിറകാഴ്ചകളിൽ നിറം തനിക്കു നൽകിയ വെല്ലുവിളികളും, അനുഭവങ്ങളും പങ്കുവെക്കുമെന്നും അതോടൊപ്പം 'സെൽഫ് ലവ് ' എന്ന ആശയം എത്ര മാത്രം തനിക്ക് പ്രചോദനം നൽകിയെന്നും തനിക്ക് ലഭിക്കുന്ന വേദികളിലൂടെ പ്രചോദനാത്മകമായ ഇത്തരം കാര്യങ്ങൾ പൊതുജനത്തിനായി പങ്കുവെക്കുമെന്നും ' മിസ്സ് മില്ലെനിയൽ കേരള 2021' വിജയി അഭിരാമി കൃഷ്ണൻ പറഞ്ഞു.
അഭിരാമി കൃഷ്ണൻ തന്നെ പങ്കുവെച്ച കുറിപ്പ് .
'ഞാൻ അഭിരാമി കൃഷ്ണൻ. ചുങ്കത്ത് ജ്വല്ലറിയും ബ്ലാക്ക് പേജ് ഫാഷൻ ഹോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും ടൈംസ് ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്തിയ മിസ്സ് മില്ലെനിയൽ കേരള 2021-ലെ വിജയിയാണ്. 2022 മെയ് 22-ന് മാരിയറ്റ് കൊച്ചിയിലായിരുന്നു ഈ മത്സരം.
'സെൽഫ് ലവ്' എന്ന വാദമാണ് എന്നെ ഈ മത്സരത്തിന്റെ വിജത്തിലേക്ക് എത്തിച്ചത്. ഞാൻ കടന്നുപോയ എല്ലാ പോരാട്ടങ്ങളെയും നേരിടാൻ സഹായിച്ച ഏക ആയുധമാണിത്.
കറുത്ത നിറമുള്ള പെൺകുട്ടി എന്നതിനാൽ ഫാഷൻ ലോകം എന്നെ പലതവണ നിരസിച്ചു. അതെല്ലാം തരണം ചെയ്ത് നേടിയതാണ് ഈ അംഗീകാരം. ഞാൻ എന്റെ അനുഭവങ്ങൾ ജനത്തോട് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. സ്വയം സ്നേഹിക്കുക എന്നതും കാലങ്ങളായി കേട്ടുവരുന്ന സൗന്ദര്യസങ്കൽപ്പങ്ങളെ തകർക്കുന്നതും സ്വന്തം ശരീരത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരുന്നതും എത്രമാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങളാണെന്ന് ജനങ്ങൾ അറിഞ്ഞിരിക്കണം.ഈ ആശയങ്ങൾ ജനത്തിലേക്ക് എത്തിക്കാനും ഫാഷൻ ലോകത്തിലെ തെറ്റിദ്ധാരണകൾ മാറ്റാനും ദയവായി എന്നെ പിന്തുണയ്ക്കുക. നന്ദി.'